സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി: മുന്നറിയിപ്പുമായി അജിത് ഡോവല്‍
ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പുമായി ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മള്‍ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവര്‍ സമീപിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുന്നതുമാണ് പതിവ്. അതിനാല്‍ കരുതലോടെയിരിക്കാന്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നമ്മള്‍ സുരക്ഷിതരല്ല. കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ എല്ലാവരും ഇന്റര്‍നെറ്റ് ലോകത്താണ്. അതിനാല്‍ ജാഗ്രത അത്യാവശ്യമാണ്. അനാവശ്യമായി കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴി ഹാക്കിങ്ങില്‍ ചെന്ന് ചാടാന്‍ ഇടയുണ്ട്. മാത്രമല്ല ഇമെയില്‍ വഴിയും ഹാക്ക് ചെയ്യപ്പെടുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒക്കെ ഇമെയില്‍ വഴി പങ്കുവെക്കുമ്പോള്‍ ഹാക്കിങ് സാധ്യത ഏറുന്നു. പല രാജ്യങ്ങളും ഇതിനെതിരെ ഒരുങ്ങുന്നതായും ഡോവല്‍ വിശദീകരിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് കൊക്കൂണ്‍ പോലെയുള്ള സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വലുതാണ്. കോവിഡ് കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ തോത് ഉയര്‍ന്നു. സൈബര്‍ ക്രിമിനലുകള്‍ ഇന്റര്‍നെറ്റിനെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരത്തിലുളള അക്രമങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍.