“ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും പ്രാന്തെടുത്ത് പായുന്നതിന്റെ പൊരുൾ മനസ്സിലാകണമെങ്കിൽ ഭരണമില്ലാത്ത അടുത്ത അഞ്ച് വർഷങ്ങൾ കൂടി സങ്കൽപ്പിച്ചു നോക്കണം .ആകെ പത്ത് വർഷം ഭരണത്തിന് പുറത്ത് !പിന്നെ പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ അങ്ങിനെ സംഭവിച്ചാൽ കോൺഗ്രസ് ശരിക്കും കോൺ “ഗ്രാസാ “കും .”കാന്തപുരം എ പി അബൂബക്കർ മുസലിയാർ വിഭാഗം സുന്നി വിഭാഗത്തിന്റെ മുഖപത്രം സിറാജിന്റെ മുഖലേഖനം ആണിത് .
യു ഡി എഫിന്റെ ഇപ്പോഴത്തെ സമരം രാഷ്ട്രീയ പ്രേരിതം ആണെന്ന് സിറാജ് പറഞ്ഞുവെക്കുന്നു .യുപി ,ബീഹാർ ,ഗുജറാത്ത് എന്നിവിടങ്ങളിൽ എന്ന പോലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂട്ടപലായനം ഉണ്ടാകും എന്ന് സിറാജ് പ്രവചിക്കുന്നു .ചില കോൺഗ്രസ്സ് നേതാക്കൾക്ക് ഉടുപ്പ് മാറേണ്ട ആവശ്യം പോലുമില്ല മേൽമുണ്ട് മാറിയാൽ മതിയാകും എന്നും സിറാജ് പറഞ്ഞുവക്കുന്നു .അങ്ങിനെ വന്നാൽ ലീഗ് വഴിയാധാരം ആകും .പച്ച റിബൺ കെട്ടി തെരുവിൽ കോലം തുള്ളിയിരുന്ന അണികൾ മൃതദേഹത്തിന്റെ തലയിൽ നിന്ന് പേനിറങ്ങുന്നത് പോലെ അരിച്ചിറങ്ങി ചോരയും നീരുമുള്ള തടി നോക്കി പോകുമെന്ന് സിറാജ് പറയുന്നു .
അങ്ങിനെ വന്നാൽ കുഞ്ഞുമാണിയുടെ മകന് ലഭിക്കുന്ന പരിഗണന കുഞ്ഞാലിക്കുട്ടിയുടെ പാർട്ടിക്ക് ഇടതു മുന്നണിയിൽ കിട്ടില്ല എന്നും സിറാജ് വ്യക്തമാക്കുന്നു .ഇങ്ങിനെ ആലോചിക്കുമ്പോൾ ഉണ്ടാകുന്ന പ്രാന്തിലാണ് ആത്മരക്ഷാർത്ഥം ജലീൽ എന്നല്ല ഏത് പുൽക്കൊടിയിലും കയറിപ്പിടിക്കുമെന്നും സിറാജ് കൂട്ടിച്ചേർക്കുന്നു .പ്രോട്ടോകോൾ ആക്ഷേപം ഒരു ചുളയില്ലാ ചക്കയാണെന്നും സിറാജ് വ്യക്തമാക്കുന്നു .
രണ്ട് പ്രളയങ്ങൾ ,നിപ ,കൊറോണ -ഈ പ്രതിസന്ധികളെ പിണറായി സർക്കാർ അസാധാരണ മെയ്വഴക്കത്തോടെ ആണ് കൈകാര്യം ചെയ്തത് .ഇതാണ് പ്രതിപക്ഷത്തിന് വിനയായത് .വിദ്യാഭ്യാസം ,ആരോഗ്യം ,വൈദ്യുതി ,പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മികവിനെയും വെല്ലുന്നതായി സർക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റ് എന്നും സിറാജ് ചൂണ്ടിക്കാട്ടുന്നു .
പ്രതിസന്ധികളിൽ തങ്ങളെ നയിക്കാൻ ഒരു ഭരണാധികാരി ഉണ്ടെന്ന തോന്നൽ സാധാരണ ജനങ്ങൾക്ക് പകർന്നു നൽകിയത് അളവറ്റ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവുമാണ് .അതുകൊണ്ടാണ് പ്രതിപക്ഷം സ്വർണക്കടത്ത് വിവാദം ആക്കുന്നതെന്നു സിറാജ് വിലയിരുത്തുന്നു .മന്ത്രി കെ ടി ജലീലിനെതിരായ പടപ്പുറപ്പാട് ആപത്കരമാണ് .നമ്മുടെ രാജ്യവുമായി നിഷ്കളങ്കമായ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന യു എ ഇയുടെ സൗഹൃദത്തേയും കരുതലിനെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലിൽ നിർത്തുന്ന നടപടികൾ ആത്മഹത്യാപരം ആയിരിക്കുമെന്നും സിറാജ് ചൂണ്ടിക്കാട്ടുന്നു .
കേരളത്തിൽ കോ ലീ ബി സഖ്യം മറയില്ലാതെ അവതരിച്ചിരിക്കുന്നു എന്നുവേണം കരുതാൻ .ചില്ലിക്കാശിന്റെ ചിലവില്ലാതെ എത്ര മനോഹരമായാണ് ബിജെപിയുടെ അജണ്ടകൾ കോൺഗ്രസ് നടപ്പാക്കിക്കൊടുത്തു കൊണ്ടിരിക്കുന്നത് .ലീഗ് ഉൾപ്പെടെയുള്ള യു ഡി എഫ് എന്ന വിശാല പ്ലാറ്റ്‌ഫോം ഇടപാടിൽ ബിജെപിക്ക് കിട്ടിയ അധികലാഭം ആണെന്നും സിറാജ് പറയുന്നു .