NEWS

ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം

കൂട് വയ്ക്കാൻ ഇടവും കൊത്തിപ്പെറുക്കാൻ ധാന്യമണികളും കിട്ടാതായതോടെ കാഴ്ചയിൽനിന്ന് മറഞ്ഞ കൗതുകത്തിന്റെ കിളിക്കൂട്ടമാണ് അങ്ങാടിക്കുരുവികൾ.ഇന്ന് അങ്ങാടിക്കുരുവി ദിനമാണ് (മാർച്ച് 20) ഗ്രാമങ്ങളിലും അങ്ങാടികളിലും കൂടുകൂട്ടിയിരുന്ന ചാരനിറത്തിലുള്ള അങ്ങാടിക്കുരുവികളെ ഇപ്പോൾ കണികാണാൻ പോലുമില്ല.
മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികള്‍.അങ്ങാടിയുടെ ഐശ്വര്യമായാണ് കച്ചവടക്കാര്‍ ഈ കുഞ്ഞിക്കിളികളെ കണ്ടിരുന്നത്.തൊടികളിലും മരക്കൊമ്പുകളിലും അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്ന് കണ്ടിരുന്ന അങ്ങാടിക്കുരുവികളെ ഇപ്പോൾ എങ്ങും കാണാനേയില്ല.തിരക്കേറിയ അങ്ങാടികളിലും ധാന്യ ഗോഡൗണുകളിലും കൂട്ടമായി പാറിപ്പറന്നെത്തിയിരുന്ന ഈ ചെറുകിളികൾ ഇന്ന്  വംശനാശ ഭീഷണി നേരിടുകയാണ്.കീടനാശിനികളുടെ ഉപയോഗം, കുരുവികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിട നിര്‍മാണം,മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസ വ്യവസ്ഥയുടെ തകർച്ച മുതലായ കാരണങ്ങളാൽ ഇവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.പണ്ട് വൈദ്യുതി ബോർഡിന്റെ തേക്കിൻ തടിയിൽ ഉള്ള തൂണുകളിലെ ബൾബുകൾക്കിടയിലായിരുന്നു ഇത് കൂടുതലായും മുട്ടയിട്ട് അടയിരുന്നിരുന്നത്.
അങ്ങാടിക്കുരുവിയുടെ വലിപ്പം 14 മുതൽ 16 സെ.മി വരും.ആൺപക്ഷിയുടെ കഴുത്തിന്റെ കീഴ് ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണു ള്ളത്.പിടയ്ക്ക് നരച്ച തവിട്ടുനിറവും.സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. 150 മീ. അധികം ഉയരത്തിൽ പറക്കാറില്ല. കെട്ടിറ്റങ്ങളിലെ പൊത്തുകളിലൊ മരങ്ങളിലൊ കൂടു കൂട്ടുന്ന കുരുവി ഉണങ്ങിയ പുല്ലുകൊണ്ടാണ് അവ ഉണ്ടാക്കുന്നത്. മുടി,നൂൽ,നാരുകൾ കൊണ്ട് ഉൾഭാഗം മൃദുവാക്കും.വർഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും.ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 11-15 ദിവസമാണ് അടയിരിപ്പുകാലം.
അങ്ങാടിക്കുരുവിയെ ഡൽഹിയുടെ സംസ്ഥാന പക്ഷിയായി 2012 സെപ്തംബർ 26-ന് പ്രഖ്യാപിച്ചു. റൈസ് ഫോർ ദ സ്പാരോസ് (Rice for the sparrows)എന്ന പേരിൽ ഡൽഹി ഗവണ്മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അങ്ങാടിക്കുരുവിയെ സംസ്ഥാനപക്ഷിയായി അംഗീകരിച്ചത്.
അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം.2011 മുതൽ മാർച്ച് 20ന് ഈ ദിനം ആചരിക്കുന്നു. നേച്ചർ ഫോർ എവർ എന്ന സംഘടനയാണ്  പരിപാടിക്ക് തുടക്കമിട്ടത്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്,നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകൾ അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു.
വാൽക്കഷണം: അങ്ങാടിക്കുരുവികളുടെ പേരിൽ കോട്ടയത്ത് ഒരു റോഡുണ്ട്.കോട്ടയം മാർക്കറ്റിലെ പഴയ അങ്ങാടി റോഡിൻ്റെ പേര് 2012-ൽ അങ്ങാടിക്കുരുവികളുടെ പേരിലേക്ക് മാറ്റി!

Back to top button
error: