KeralaNEWS

ഒരു ബ്ലാസ്റ്റേഴ്സ് ആരാധകന്റെ കുറിപ്പ്

*ആവേശപൂർവ്വം ബ്ലാസ്റ്റേഴ്‌സിന്*

പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്നിടത്തു നിന്നാണ് ലോകകപ്പ് ഫുട്ബാൾ എന്ന ആവേശം തലക്ക് പിടിക്കുന്നത്.

Signature-ad

പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന ആ അവധികാലത്ത് രാത്രികാലങ്ങളിലെ മുഴുവൻ മത്സരവും കാണുക എന്നത് മാത്രമായിരുന്നു അന്നത്തെ പ്രധാനപണി.

കാൽപന്ത് കളിയിലെ തമ്പുരാക്കന്മാരെ തിരഞ്ഞെടുക്കുന്ന ലോകകപ്പ് ആദ്യമായി കാണാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒരു ടീമിനോടും പ്രത്യേക ആരാധന ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ബെബറ്റോയും റൊമാരിയോയും നിറഞ്ഞാടിയ ആ ലോകകപ്പിന്റെ അവസാനം കപ്പുമായി ബ്രസീൽ സംഘം റിയോഡി ജനീറോ യിലേക്ക് വണ്ടി കയറിയപ്പോൾ എന്റെ മനസിലും ആ മഞ്ഞപട കയറികൂടി.

പിന്നീട് നടന്ന എല്ലാ ലോകകപ്പിലും എന്റെ ഫേവറേറ്റ് ടീം ആ ബ്രസീൽ എന്ന മഞ്ഞപട തന്നെ ആയിരുന്നു.

പിന്നെയും ബ്രസീലിന്റെ വിജയങ്ങൾക്ക് സാക്ഷിയാവാൻ കഴിഞ്ഞു. ബ്രസീൽ വിജയിക്കുമ്പോൾ ഞാനും സാംബ നിർത്ത ചുവടുകൾ വച്ചു.

അപ്പോഴും മനസ്സിൽ ഉണ്ടായിരുന്ന ഒരു സങ്കടം ഇത് പോലെ സ്വന്തം ഒന്ന് പറഞ്ഞ് ആരാധിക്കാൻ നമ്മുടെ എന്ന് വിളിച്ചു പറഞ്ഞ് ആവേശം കൊള്ളാൻ നമുക്കൊരു ടീം ഇല്ലല്ലോ എന്ന് മാത്രമായിരുന്നു.

നൂറാം റാങ്കിനപ്പുറം നിൽക്കുന്ന ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന് വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.

നമ്മുടേത് എന്ന് പറഞ്ഞ് ആവേശം കൊള്ളാൻ നമുക്കായി ഒരു ടീം വരും എന്ന സ്വപ്നകാണൽ പിന്നെയും തുടരുന്നതിനിടയിൽ ആണ് ഐ. എസ്. എൽ എന്ന ആശയം മുന്നോട്ട് വരുന്നത്. അതിൽ കേരളത്തിൽ നിന്നൊരു ടീമും അതിന്റെ തലപ്പത്ത് ക്രിക്കറ്റ് ദൈവമായ സാക്ഷാൽ സച്ചിൻ ടെണ്ടുൽകറും. എന്റെ മനസിലെ ഫുട്ബാൾ സ്വപ്നങ്ങൾ മുഴുവൻ ഒറ്റയടിക്ക് സാക്ഷാൽകരിക്കപ്പെട്ട പോലെ, കേരളത്തിൽ നിന്ന് വരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ജേഴ്‌സി മഞ്ഞയും.

മഞ്ഞക്കടലിന്റെ ആവേശമിരമ്പുന്ന കൊച്ചിയിലെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് വിജയങ്ങൾ കൊയ്തു, എങ്കിലും കിരീടം മാത്രം അകന്നു നിന്നു.

ആദ്യത്തെ മൂന്നു സീസൺ അവസാനിക്കുമ്പോൾ രണ്ടു തവണയും ഫൈനലിൽ എത്തി റണ്ണറപ്പ് ആയപ്പോൾ വരും സീസണുകളിൽ കിരീടം കൊച്ചിയിൽ എത്തും എന്ന് കിനാവ് കണ്ട് തുടങ്ങി.

പക്ഷെ, അവിടെ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയ കഥകൾ ആരംഭിക്കുകയായിരുന്നു.

മാറി മാറി വന്ന കോച്ചുമാരും കളിക്കാരും ആരും നമ്മുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകാൻ പര്യാപ്തരായിരുന്നില്ല.

സീരിയൽ കാണുന്ന സ്ത്രീകളെ മാറ്റിയിരുത്തി ആ സമയം കളികണ്ട ബ്ലാസ്റ്റേഴ്‌സ് ആരാധകനായ എനിക്ക് വീട്ടിൽ നിന്ന് പോലും കളിയാക്കലുകൾ കിട്ടി.

മുംബൈയോടും ഹൈദ്രബാദ് നോടും ഒക്കെ ഉള്ള വമ്പൻ തോൽവികൾ എന്നെ കരയിപ്പിച്ചു.

‘കലിപ്പ് അടക്കണം, കപ്പടിക്കണം’ തുടങ്ങിയ പരസ്യ വാചകങ്ങൾ ട്രോൾ ഗ്രുപ്പുകളിൽ നിറഞ്ഞു.

ഓരോ സീസന്റെ അവസാനവും അവസാന വിസിൽ മുഴങ്ങുമ്പോൾ തലകുനിച്ചു നടന്നു പോകുന്ന ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ നോക്കി ഞാനും എന്റെ സ്വപ്നങ്ങളെ കുഴിച്ചു മൂടി.

എങ്കിലും പുതിയ സീസൺ ആരംഭിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളുമായി വീണ്ടും എന്റെ സ്വപ്നങ്ങളും നുരഞ്ഞു പൊന്തും.

പരാജയത്തോടെ ആണ് ഇത്തവണയും നമ്മൾ ആരംഭിച്ചത്. പിന്നീട് ഒന്ന് രണ്ട് സമനിലകൾ. പതിവ് സംഭവ വികാസങ്ങൾ ആവർത്തിക്കുന്നു എന്ന തോന്നൽ ഉളവാക്കി തുടങ്ങിയിടത്തു നിന്നും ഇത്തവണ ഒരു കുതിപ്പായിരുന്നു.

വ്യൂകനമോവിച് എന്ന കോച്ചും ലൂണയും ഡയസും വാസ്കസും എല്ലാം പിന്നെ നമ്മുടെ പ്രിയപ്പെട്ടവർ ആയി മാറുകയായിരുന്നു.

സഹൽ, നിഷു, ജിക്ക്സൻ, ഖബ്ര, ഗിൽ, രാഹുൽ, പ്രശാന്ത്, ഹോർമിപാം അങ്ങനെ അങ്ങനെ എല്ലാവരും നമുക്ക് പരിചിതർ ആയി മാറി.

ഒന്നുമില്ലായ്മയിൽ നിന്നും പൊക്കിയെടുത്ത് മൂന്നരകോടി മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച
വ്യൂകനമോവിച് എന്ന മാന്ത്രികൻ ഇതാ ബ്ലാസ്റ്റേഴ്‌സ് നെ ഫൈനലിൽ എത്തിച്ചിരിക്കുന്നു.

ഇനി ഒരറ്റ വിജയത്തിനപ്പുറം നമ്മൾ ഇന്ത്യൻ ഫുട്ബാൾ ന്റെ രാജാക്കന്മാർ ആവാൻ പോകുന്നു.

അടയാളപെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം, ഇത് മൂന്നര കോടി ജനങ്ങൾക്കുള്ള, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളികൾക്ക് വ്യൂകനമോവിചിന്റെ സമ്മാനം എന്ന് മാർച്ച്‌ ഇരുപതിന് ഷൈജു ദാമോദരൻ അലമുറയിടുന്നത് കാണാനായി ഞാനും കാത്തിരിക്കുന്നു.

ബ്ലാസ്റ്റേഴ്‌സിന് ആവേശപൂർവ്വം അഭിമാനപൂർവ്വം എല്ലാം ആശംസകളും നേർന്നു കൊണ്ട്…

ശുഭപ്രതീക്ഷയോടെ…

പുള്ളോടൻ

(കഥാകൃത്താണ് ലേഖകൻ)

 

Back to top button
error: