നല്ല നടപ്പ്: പ്രവീൺ ഇറവങ്കര
മാർച്ച് 8.
ലോക വനിതാദിനം.
1909 ൽ ന്യൂയോർക്കിൽ തെരേസ മൽക്കിൽ എന്ന സാമൂഹിക പ്രവർത്തകയാണത്രെ ആദ്യ വനിതാദിനം സംഘടിപ്പിച്ചത്.
അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അവിടെ നിൽക്കട്ടെ.
ആദിപരാശക്തിയായി പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന പെണ്ണിനെ ആദരിക്കാൻ അങ്ങനെ പ്രത്യേകിച്ച് ഒരു ദിനം വേണോ എന്ന തേഞ്ഞൊട്ടിയ ചോദ്യത്തോടും പോകാൻ പറ.
അങ്ങനെ ഒരു ഔദ്യോഗിക ദിവസമുളളതു കൊണ്ട് അന്ന് സ്ത്രീപീഡനവും ബലാത്സംഗവും നിർത്തി വെയ്ക്കുമെന്നോ തീവ്രത കുറച്ച് പ്രയോഗിക്കുമെന്നോ അല്ല.
എന്നാലും പറയാനൊരു ഗമയൊക്കെയുണ്ടെല്ലോ, അന്താരാഷ്ട്ര വനിതാദിനം !
ലക്ഷദീപം കത്തിച്ചു വെച്ച ഉത്സവപ്പറമ്പു പോലെയാണ് എന്റെ മനസ്സിപ്പോൾ.
ലോകം കണ്ട എത്ര ഗംഭീര പെണ്ണുങ്ങളാണെന്നോ നിരനിരയായി മനോമുന്നിൽ വന്നു നിന്ന് പേനയിൽ കയറിപ്പറ്റാൻ പ്രലോഭിപ്പിക്കുന്നത് !
വിശ്വ സുന്ദരി ക്ലിയോപാട്ര മുതൽ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി വരെ ആ വെട്ടക്കൂട്ടത്തിലുണ്ട്.
പക്ഷേ ഇവരാരുമല്ല ഈ നേരം എന്നിൽ പ്രവേശിച്ച് ആദ്യ എഴുത്തായി മാറുന്നത്.
ആനന്ദി എന്ന മറാഠിക്കാരിയാണ്.
ആ പെണ്ണ് ആകെ മൊത്തം ഭൂമിയിൽ ജീവിച്ചത് വെറും ഇരുപത്തിയൊന്നര വർഷമാണ്.
ഉലകം വാണ വിക്ടോറിയ മഹാറാണി പോലും എഴുന്നേറ്റു നിന്നാണ് ആ ഇന്ത്യൻ പെണ്ണിനെ വരവേറ്റത്.
അവൾ ഇന്ത്യയിലെ ആദ്യ വനിതാഡോക്ടർ ആയിരുന്നു.
ആനന്ദിബായി ഗോപാൽറാവു !
1865 ൽ മഹാരാഷ്ട്രയിലെ കല്ല്യാണിൽ ജനിച്ച്, ഒമ്പതാം വയസ്സിൽ കല്ല്യാണം കഴിച്ച്, പതിനാലാം വയസ്സിൽ വെറും പത്തു ദിവസം മാത്രം ജീവിച്ച ഒരു കുഞ്ഞിനെ പ്രസവിച്ച്,
ഇനി ഒരമ്മക്കും ഈ ദുരന്തമുണ്ടാകരുതെന്നുറച്ച്, പെണ്ണിനു വൈദ്യം പഠിക്കാൻ ഇന്ത്യയിൽ സംവിധാനമില്ലെന്നറിഞ്ഞ്, പത്തൊമ്പതാം വയസ്സിൽ ഏഴാംകടൽ കടന്ന്, കടൽ കടന്ന പെണ്ണിന് ഭ്രഷ്ട് കൽപ്പിച്ച ബ്രാഹ്മണകുലം മറന്ന്,
ഇരുപത്തിയൊന്നാം വയസ്സിൽ അമേരിക്കയിലെ വുമൺ മെഡിക്കൽ കോളേജ് ഓഫ് പെൻസിൽ വാനിയയിൽ നിന്ന് അലോപ്പതിയിൽ എം.ഡിയെടുത്ത്,
ഗൈനക്കോളജിയിൽ മിന്നും പ്രകടനം നടത്തി,
1887 ൽ മിന്നിമറഞ്ഞു പോയ അത്ഭുതപ്പെണ്ണ് !
കാശു വാരിയെറിഞ്ഞ് സ്വകാര്യ മെഡിക്കൽ കോളജിലും ചൈന-ഉക്രെൻ-യൂറോപ്പാദി രാജ്യങ്ങളിലും പോയി അടിച്ചു പൊളിച്ച് എം.ബി.ബി.എസ് എടുത്തു വരുന്ന പെൺമക്കളേ, നിങ്ങളീ ആനന്ദിയമ്മയെപ്പറ്റി എന്നെങ്കിലും കേട്ടിട്ടുണ്ടോ ?
ഓ എന്തിനാ ചുമ്മാ ചത്തുപൊയ മരമണ്ടികളുടെ ചരിത്രം പഠിക്കുന്നത്,ല്ലേ ?
പഠിക്കണം മക്കളേ,
അവരൊക്കെ കുടിച്ച കണ്ണീരാ നമ്മുടെ കഞ്ഞിയിലെ ഉപ്പ് !
കല്പാന്തകാലം കാലം കഴിഞ്ഞ് ഭൂമി കടലെടുത്താലും ഇവിടെ അവശേഷിക്കുന്നത് ആദിപരാശക്തീ രൂപിണിയായ പെണ്ണാണ്.
വെളിവും വെള്ളിയാഴ്ചയുമില്ലാതെ വെള്ളത്തിൽ കറങ്ങി നടക്കുന്ന ത്രിമൂർത്തികൾക്കു പോലും അവരുടെ അസ്തിത്വവും അടുത്ത അജണ്ടയും കല്പിച്ചു നൽകുന്നത് ഈ പെണ്ണാണ്.
പെണ്ണാണ് അമ്മയും അഗ്നിയും അറിവും നിറവും ഭൂമിയും ആകാശവും കടലും കവിതയും.
അവളില്ലെങ്കിൽ പ്രപഞ്ചത്തിന്റെ നിലനിൽപ്പു പോലും അപതാളത്തിലാകും.
എന്നിട്ടും പെണ്ണിന് പേടികൂടാതെ ജീവിക്കാൻ ഇന്ന് നൂറായിരം സംഘടനകളുടെ പേശീബലം വേണം.
പ്രണയവും തണലും കൊതിച്ച് സ്വന്തം സ്റ്റിയറിംഗ് പുരുഷനു വിട്ടു കൊടുത്ത് ഒടുക്കം ആപ്പിൽ ചാടുമ്പോൾ മാത്രം നിലവിളിച്ചിട്ടെന്തു കാര്യം ?
കല്ല്യാണം കഴിച്ചു വിടുന്ന കാശു പോരേ പഠിപ്പിച്ചു കരപറ്റിച്ച് സ്വന്തം കാലിൽ നിർത്താൻ…?
പ്രതാപം കാണിക്കാൻ സ്വർണ്ണക്കടയിലും തുണിക്കടയിലും കല്യാണ മണ്ഡപത്തിലും ഒഴുക്കുന്ന പണം ഒരു തൊഴിൽ പഠിക്കാൻ അവൾക്കു അനുവദിച്ചു കൊടുത്തു കൂടേ…?
ഇനി ഇതൊന്നുമില്ലാത്തവരാണെങ്കിൽ പെണ്ണിന്റെ ആത്മാഭിമാനത്തെക്കുറിച്ച് 5 പൈസ ചെലവില്ലാത്ത ഒരു ക്ലാസ്സെങ്കിലും തരം പോലെ അവൾക്കെടുത്തു കൂടേ ?
സത്യം പറഞ്ഞാൽ സർവ്വ ലോക പുരുഷന്മാർക്കും പെണ്ണിനെ പേടിയാണ്.
കാരണം അവളുടെ കരുത്ത് ആൺ വർഗ്ഗത്തിന് നന്നായി അറിയാം.
അത് അറിയാത്തത് അവൾക്ക് മാത്രമാണ്.
ദിവസം ഒരു നേരമെങ്കിലും തന്റെ മനസ്സ് ഒരു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു കണ്ട് അതിന്റെ ആഴവും പരപ്പും തിരിച്ചറിയുന്നത് മേൽപ്പറഞ്ഞ അറിവില്ലായ്മയ്ക്കുളള ഏക മരുന്നാണ് !
ലോകത്തെമ്പാടും, പ്രത്യേകിച്ച് നമ്മുടെ പ്രിചീന ഭാരതത്തിൽ പെണ്ണ് അതീവ ശക്തിശാലിയായിരുന്നു.
ആദിമ കാവ്യം രാമായണത്തിൽ ത്രേതായുഗത്തിലെ ഭൂമീപുത്രി സീത എത്താക്കൊമ്പിലെ മന്ദാരപ്പൂ പറിക്കാൻ അച്ഛൻ ജനകന്റെ പൂജാമുറിയിൽ സൂക്ഷിച്ച തോട്ടി എടുത്തു കൊണ്ടു പോകുമായിരുന്നത്രെ…!
ഈ തോട്ടിയാണ് പിന്നീട് സീതാ സ്വയംവര വേളയിൽ സർവ്വ രാജാക്കന്മാരും എടുത്തിട്ടു പൊങ്ങാത്ത ശൈവചാപം !
ആലോചിച്ചു നോക്കണം വാത്മീകി പറഞ്ഞുവെച്ച പെണ്ണിന്റെ കരുത്ത്.
ശ്രീരാമൻ വന്ന് ആ വില്ലെടുത്ത് കുലച്ചൊടിച്ചില്ലായിരുന്നെങ്കിൽ സീത ആയുഷ്കാലം നിത്യകന്യകയായി ജീവിക്കേണ്ടി വന്നേനേം…!
ദ്വാപരയുഗത്തിൽ മഹാഭാരതകാരൻ വ്യാസൻ സൃഷ്ടിച്ച പെണ്ണുങ്ങളെ നോക്കുക.
അവർ അതിലും ശക്തകളാണ്.
കാട്ടാറിന്റെ കരുത്തും
കാട്ടു തേനിന്റെ മണവുമുളള കാട്ടു പെണ്ണ് ഹിഡുംബി.
കാമത്തിന്റെ പരകോടിയിൽ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യനെപ്പോലും കിടപ്പറയിൽ ആവാഹിച്ചു വരുത്തി കാര്യം സാധിച്ച നാട്ടു പെണ്ണ് കുന്തീദേവി.
പറയാൻ തുടങ്ങിയാൽ ഇവിടെയെങ്ങും നിൽക്കില്ല.
പുരാണേതിഹാസങ്ങൾ പുരുഷൻ പറയുന്നതു പോലെ വായിക്കാതെ വല്ലപ്പൊഴുമൊക്കെ സ്വബുദ്ധി വെച്ച് വരികൾക്കിടയിലുടെ ഒരു വായനയാവാം.
കലിയുഗത്തിലെ പെണ്ണിനു മാത്രം എന്താണ് സംഭവിച്ചതെന്ന് അപ്പോൾ തിരിച്ചറിയാം.
ഈ പെണ്ണോർമ്മയിൽ എന്റെ അമ്മയെക്കൂടി പറഞ്ഞ് ഇന്ന് ഞാൻ ‘നല്ലനടപ്പി’നു പൊയ്ക്കൊള്ളാം.
കാരണം അമ്മ മരിച്ചു തലയ്ക്കു മോളിൽ നിൽക്കാൻ തുടങ്ങിയിട്ട് ആദ്യത്തെ വനിതാ ദിനമാണ് ഇത്.
“അമ്പിളി പൊങ്ങി നിൽക്കുന്നിതാ മരക്കൊമ്പിൽ നിന്നിതാ കോലോളം ദൂരത്തിൽ”
കുമാരനാശാന്റെ കടുത്ത ആരാധികയായ അമ്മ അതിമനോഹരമായി ചൊല്ലുന്ന വരികളാണെന്റെ ആദ്യ അമ്മയോർമ്മ.
കളിപ്പാട്ടങ്ങൾക്കു പകരം പുസ്തകങ്ങൾ വാങ്ങിത്തന്ന് എന്നെ സഹൃദയനാക്കിയ എന്റെ അമ്മ !
2021 ജൂൺ 23
ഞാൻ എറണാകുളത്ത് ഷൂട്ടിലായിരുന്നു.
അച്ഛൻ വിളിച്ചു പറഞ്ഞു, അമ്മയ്ക്ക് വയ്യ വേഗം വരാൻ.
വന്നപ്പോൾ അമ്മയ്ക്കു കുഴപ്പമൊന്നുമില്ല.
കുട്ടികളെപ്പോലെ നിർത്താതെ അമ്മ സംസാരിക്കുന്നു.
കുട്ടിത്തം എങ്ങനെ ഒരു രോഗമാവും…?
പക്ഷേ അത് ഒരു മഹാ രോഗത്തിന്റെ തുടക്കമാണെന്നും അടുത്ത ഘട്ടം സ്മൃതി നാശമാണെന്നും തന്റെ അമ്മയെ ഒരു വർഷം മുമ്പ് കൂട്ടിക്കൊണ്ടു പോയത് ഇതേ കൂട്ടുകാരനാണെന്നും ഭാര്യ കട്ടായം പറഞ്ഞു.
ഏതായാലും ഉടനടി ഞാൻ അമ്മയെ ആശുപത്രിയിലെത്തിച്ചു.
കാറിൽ നിന്നിറങ്ങാതെ അമ്മ കഥ തുടർന്നു കൊണ്ടിരുന്നു.
ഒക്കെ പഴയ കാര്യങ്ങളാണ്. ഒരു പത്തറുപത് വർഷം പിന്നിലുള്ള അമ്മയുടെ ബാല്ല്യ കൗമാരങ്ങൾ.
അതൊക്കെ ഇന്നലെ നടന്നതു പൊലെ, ഒരു ടെലിപ്രോംപ്ടറിൽ നോക്കി വായിക്കുന്ന ലാഘവത്തോടെ അമ്മ പറഞ്ഞു കൊണ്ടിരുന്നു.
ഏറെ നിർബന്ധിച്ചാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്.
അമ്മ തികച്ചും സരസസ്വാഭാവികമായി സംസാരിക്കുന്നത് കേട്ട് ‘തനിക്കിതെന്തിന്റെ കേടാ’എന്ന തരത്തിൽ അന്തംവിട്ട് എന്നെ നോക്കിയ പരിചയക്കാരനായ ഡോക്ടർ വൈറ്റമിൻ ടാബ്ലറ്റ്സ് കുറിച്ചുതന്ന് തടിതപ്പി.
തിരികെ വരുമ്പോൾ അമ്മ പതിവില്ലാതെ എന്നെക്കൊണ്ട് ചോക്ലേറ്റും പാൽ ഐസും ഗുവാജ്യൂസും വാങ്ങിപ്പിച്ചു കഴിച്ചു.
ഷുഗർ താണു എന്നാണ് കാരണം പറഞ്ഞത്.
അച്ഛൻ അറിയേണ്ടെന്ന് പ്രത്യേകം ചട്ടം കെട്ടി.
അമ്മ സംസാരിച്ചു കൊണ്ടേയിരുന്നു.
ഭാര്യ മുന്നറിയിപ്പുമായി പിന്നാലെ നടന്നു.
പിറ്റേന്ന് അമ്മ നിർബന്ധിച്ച് എന്നെ തിരികെ ഷൂട്ടിനു പറഞ്ഞയച്ചു.
രണ്ടാം പക്കം കഥ മാറി.
ഊണിലും ഉറക്കത്തിലും ഇന്നലെകൾ അടുക്കും ചിട്ടയോടെ റേഡിയോ പോലെ നിർത്താതെ പറഞ്ഞു കൊണ്ടിരുന്ന അമ്മയ്ക്ക് പെട്ടെന്ന് ട്രാൻസ്മിഷൻ നഷ്ടമായി.
വർത്തമാനത്തിന്റെ ഒഴുക്കു പോയി. വാക്കുകൾ അവ്യക്തങ്ങളായി.
അമ്മയെ അച്ഛനും ഭാര്യയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു, ഞാൻ എത്തുന്നതിനു മുമ്പ് അമ്മയ്ക്കൊന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാൻ.
തകർന്നു പോയി.
ഉള്ളിലെന്തോ വീണുടയുന്ന ഒച്ച ജീവിതത്തിലാദ്യമായി ഞാൻ കേട്ടു.
എറണാകുളത്തു നിന്നും എങ്ങനെ മാവേലിക്കര വരെ ഡ്രൈവു ചെയ്ത് എത്തി എന്ന് ഇന്നുമറിയില്ല.
ചുറ്റും പുകമറയായിരുന്നു.
അമ്മ ഐ.സി.യുവിലായിരുന്നു. കണ്ണു തുറന്നു കിടക്കുകയാണ്. പക്ഷേ ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഓക്സിജൻ സിലണ്ടറായിരുന്നു ജീവൻ സഹായി.
സോഡിയം ലെവൽ തീരെ താഴെ.
ബ്ലഡ് പ്രഷർ വളരെ കൂടുതൽ.
പോരാത്തതിന് ഓർക്കാപ്പുറത്ത് സംഭവിച്ച കാർഡിയാക് അറസ്റ്റും.
റിപ്പോർട്ടുകൾ നോർമലാവാതെ ആൻജിയോഗ്രാം പോലും നടക്കില്ല. ഫോണിലും നേരിലും കൺസൾട്ട് ചെയ്ത മുഴുവൻ ഡോക്ടറേഴ്സും കയ്യൊഴിഞ്ഞു.
പെറ്റമ്മയെ മരണത്തിനു വിട്ടു കൊടുക്കുന്നതാണ് ഭൂമിയിലെ ഏറ്റവും ഭയാനകമായ നോവ്.
നമുക്ക് ജീവൻ നൽകിയ ആ ജീവൻ പിടഞ്ഞുപിടഞ്ഞ് ഉടൽ വിട്ടു പോകുന്നത് നിസ്സഹായം നോക്കി നിൽക്കുന്നതു പോലെ ശപിക്കപ്പെട്ട മറ്റൊരു നിമിഷം ജീവിതത്തിൽ വേറെയില്ല.
അമ്മ കത്തി തീർന്നപ്പോൾ ഇല്ലാതായത് എനിക്കെന്റെ കുട്ടിത്തമാണ്. അന്നോളം ഞാനറിയാതെ എന്നെ പൊതിഞ്ഞു നിന്ന അദൃശ്യ ഗർഭപാത്ര വലയമാണ്.
ഇനിയൊരിക്കലും സ്വന്തമാക്കാനാവാത്ത അമ്മച്ചൂരാണ്.
‘അമ്പിളി പൊങ്ങി നിൽക്കോന്നിതാ…”
അമ്മ പിടഞ്ഞു പോകുമ്പൊഴും എരിഞ്ഞു തീരുമ്പൊഴും സത്യമായും ഞാനാ കവിത കേട്ടു.
ഈ വനിതാദിനം ഞാൻ കണ്ട ഏറ്റവും മഹതിയായ വനിത എന്റെ അമ്മ കൊല്ലിരേത്ത് ഭാനുമതിയമ്മയ്ക്ക് സമർപ്പിക്കുന്നു.