ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ മാറുന്നതായി റിപ്പോര്‍ട്ട്.
യൂട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്തതായും 6.83 ലക്ഷത്തിലധികം തൊഴില്‍ സൃഷ്ടിച്ചതായും ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 6,000ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളും ബിസിനസുകാരുമായി നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് പഠനം പുറത്തുവിട്ടത്.
രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്സിന് സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരത്തെയും സംസ്കാരത്തെയും സ്വാധീനിക്കുന്ന ശക്തിയായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുറഞ്ഞത് ഒരുലക്ഷം രൂപ വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ഷം തോറും 60 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. വരുമാനം ലഭിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരാന്‍ കാരണമാകുന്നു. പരസ്യം, പരസ്യേതര വരുമാനം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഓക്സ്ഫോഡിന്റെ പഠനം.
യൂട്യൂബ് ക്രിയേറ്റര്‍മാര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ദാതാക്കളാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.