കോഴിക്കോട്: ക്ലാസിൽ നിന്ന് മുങ്ങി കറങ്ങാൻ പോകുന്നവരും കളിക്കാൻ പോകുന്നവരും സിനിമയ്ക്കു പോകുന്നവരുമൊക്കെ കരുതിയിരിക്കുക. സംഗതി ആ നിമിഷം വീട്ടിലിറിയും. മറ്റാരുമല്ല സ്വന്തം കൂട്ടുകാർ തന്നെയാണ് നിങ്ങൾക്ക് ഈ ആപ് വച്ചത്.
പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ‘ത്രൈവ്’ എന്ന ഡിജിറ്റൽ ആപ് ശരിക്കും കുട്ടികളെ ആപ്പിലാക്കുന്നതാണ്. സ്കൂളിൽ ഇനി വിദ്യാർത്ഥികളുടെ ഹാജർ അടയാളപ്പെടുത്താൻ ഈ ആപ്പ് ആയിരിക്കും ഉപയോഗിക്കുക. ഓരോ ദിവസത്തെ ഹാജർ എടുക്കാനും അത് ഉടനെ തന്നെ രക്ഷിതാക്കളിലേക്ക് എത്തിക്കാനും ഈ ആപ്പിലൂടെ കഴിയും.
വിദ്യാലയങ്ങളിലെ കഴിഞ്ഞ് പോയ ദിവസങ്ങളിലെ ഹാജർ നില എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും ഓരോ കുട്ടിയും ഏതെല്ലാം ദിവസം അവധി എടുത്തു എന്ന് പെട്ടെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് രക്ഷിതാക്കളെ വിളിക്കാനും ആപ്പിൽ സൗകര്യമുണ്ട്.
സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾകമ്പ്യൂട്ടർ സയൻസ് അധ്യാപകരായ അബ്ദുൽ നിസാർ, വി ടി. അനസ്, എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർഥികളായ ഷഹീർ മുബാറക്, ബി. പി. ആദിൽ, അമാൻ യൂനുസ്, റിസ്‌വാന, ഹൈഫ, ഹാദിയ റൂഹി, ദിയ, ആനിയ മെഹറിൻ എന്നിവർ ചേർന്നാണ് ഈ അറ്റന്റൻസ് മൊബൈൽ ആപ് തയ്യാറാക്കിയത്.