സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ റഷ്യന്‍ കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിച്ച്
മോസ്‌കോ: വിവിധ ഉപരോധങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന റഷ്യ സാമ്പത്തിക സ്ഥിരത കൈവരിക്കാനായി സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിക്കുന്നു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിക്കുമെന്ന് റഷ്യന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉക്രൈനില്‍ റഷ്യന്‍ അക്രമണത്തിനെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഫെബ്രുവരി മാസത്തില്‍ ഔണ്‍സിന് 120 ഡോളറിലധികം ഉയര്‍ന്നു 1973 ഡോളറില്‍ എത്തി. നിലവില്‍ ഔണ്‍സിന് 1937 ഡോളര്‍ നിലയിലേക്ക് താഴ്‌ന്നെങ്കിലും റഷ്യന്‍ കേന്ദ്ര ബാങ്ക് ആഭ്യന്തര വിപണിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വില വര്‍ധനവിന് വഴി ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്.
ജനുവരി അവസാന വാരം റഷ്യക്ക് സ്വര്‍ണ്ണ കരുതല്‍ ശേഖരം 2300 ടണ്ണായിരുന്നു, പരമാധികാര രാഷ്ട്രങ്ങളില്‍ സ്വര്‍ണ ശേഖരത്തില്‍ 5-ാമതാണ് റഷ്യ. സ്വര്‍ണം വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പിന്നീട് വില്‍ക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഡോളര്‍ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരം ഒരു സാഹചര്യം സ്വര്‍ണവില ഇടിയാന്‍ കാരണമായേക്കാം.
ഡോളര്‍ ശക്തിപ്പെട്ട് ഡോളര്‍ സൂചിക 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതിനാല്‍ സ്വര്‍ണ്ണ വില താഴാന്‍ കാരണമായി. കേരളത്തില്‍ ഫെബ്രുവരി അവസാന വാരം പവന് 37,800 രൂപയിലേക്ക് ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര വിപണിയുടെ പ്രതിഫലനം കാണുന്നുണ്ട്. നിലവില്‍ 37,360 നിരക്കിലാണ് വിപണനം നടക്കുന്നത്. എം സീ എക്‌സ് സ്വര്‍ണ്ണ അവധി വ്യാപാരത്തില്‍ 10 ഗ്രാമിന് 49200 രൂപ വരെ താഴുമ്പോള്‍ മാത്രമേ ‘ ബുള്ളിഷ് ട്രെന്‍ഡ്’മാറിയതായി കരുതാന്‍ സാധിക്കുകയുള്ളു എന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ് അഭിപ്രായപ്പെട്ടു.