Kerala

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും ശ്രമം: കോടിയേരി

കൊച്ചി: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം കേരളം ഭരിക്കുന്നതിനാലാണ് ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും ഈ ശ്രമമെന്നും ഇടതുമുന്നണിയായതിനാലാണ് ഇവിടെ കലാപമുണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഹിന്ദുത്വം ഉയര്‍ത്തി ആര്‍ എസ് എസ് ശക്തമായ വേര്‍തിരിവാണ് സൃഷ്ടിക്കുന്നത്. ആര്‍ എസ് എസ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. എസ് ഡി പി ഐയും ആയുധ പരിശീലനം നടത്തുന്നു. വര്‍ഗീയ വേര്‍തിരിവിന്റെ ബൗദ്ധിക കേന്ദ്രമായി ജമാഅത്തെ ഇസ്ലാമിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരക്കണം. എ ബി വാജ്പയ് സര്‍ക്കാറിന് തുടര്‍ ഭരണം സാധ്യമാകാത്തതില്‍ 2004ലെ ഇടതുപക്ഷത്തിന്റെ വിജയത്തിന് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കിയാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പിന്തള്ളാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ അത് സാധ്യമായില്ല. അതിനാലാണ് വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബഹുജനങ്ങള്‍ പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവില്‍ ഇടതു മുന്നണി വികസിപ്പിക്കുന്നത് പരിഗണനയില്ല. കാന്തപുരം വിഭാഗവും ജിഫ്രി തങ്ങള്‍ വിഭാഗവും ഇടതുപക്ഷത്തോട് സഹകരണാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. അവരോട് ക്രിയാത്മകമായി ഇടപെടും. കഴിഞ്ഞ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച മുന്നണി വികസനം സാധ്യമാക്കിയെന്നാണ് വിലയിരുത്തല്‍. എല്‍ ജെ ഡി, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്നിവ മുന്നണിയിലേക്ക് വന്നത് ഇതിന് തെളിവാണെന്നും ബി ജെ പിയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: