കടലിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതശരീരം കണ്ടെത്തി
സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കടലിൽ വീണ രണ്ടര വയസുകാരന്റെ
മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാർഡ്, പോലീസ്, ലൈഫ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂത്തകുട്ടിയെയും അനിതമോളെയും ഇവരുടെ സഹോദരന്റെ കുട്ടിയെയും ആലപ്പുഴ സ്വദേശിയായ ബന്ധുവായ ബിനു രക്ഷപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം. ബീച്ച് സന്ദർശനത്തിനായി വിജയ പാർക്കിന് സമീപമെത്തിയ സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചതോടെ ഇവർ ഇഎസ്ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തുകയായിരുന്നു.