ഫ്യൂചര്‍ ഗ്രൂപ്പ് സ്റ്റോറുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ബിഗ് ബസാര്‍ അടച്ചുപൂട്ടി
മുംബൈ: ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തില്‍ ബിഗ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയടക്കം പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കത്തിനിടെ ഓണ്‍ലൈന്‍, ഓഫ്ലൈന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഫ്യൂചര്‍ റീടെയ്ല്‍. ഫ്യൂചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബിഗ് ബസാര്‍ സ്റ്റോറുകളിലടക്കം റിലയന്‍സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയന്‍സ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചര്‍ റീടെയ്ല്‍ കടകള്‍ അടച്ചുപൂട്ടിയത്. 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പിനുള്ളത്. ഇതില്‍ 200 സ്റ്റോറുകള്‍ റിലയന്‍സ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാര്‍ സ്റ്റോറുകളായിരിക്കും.
എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സോ, ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്പാടും ബിഗ് ബസാര്‍ സ്റ്റോറുകള്‍ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകള്‍ തുറക്കില്ലെന്നാണ് ട്വിറ്ററില്‍ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറില്‍ നിന്ന് ലഭിച്ച മറുപടി. ഫ്യൂചര്‍ ഇ കൊമേഴ്സ് മൊബൈല്‍ ആപ്പും വെബ്സൈറ്റും പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
രണ്ട് പതിറ്റാണ്ട് മുന്‍പ് കിഷോര്‍ ബിയാനി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച പുതിയൊരു റീടെയ്ല്‍ ബിസിനസ് മാതൃകയായിരുന്നു ബിഗ് ബസാര്‍. 2020ല്‍ ഫ്യൂചര്‍ റീടെയ്ല്‍ ആസ്തികള്‍ റിലയന്‍സിന് വില്ക്കാന് തീരുമാനിച്ചതായിരുന്നു. എന്നാല്‍ ആമസോണ്‍ കമ്പനി നിയമപോരാട്ടം തുടങ്ങിയതോടെ ഇത് രണ്ട് വര്‍ഷമായി യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ ഘട്ടത്തിലാണ് ഒരു വിഭാഗം ബിഗ് ബസാര്‍ സ്റ്റോറുകള്‍ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ നീക്കം. അതേസമയം, തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിലയന്‍സ് ഉറപ്പ് നല്കി.
ഫ്യൂചര്‍ റീടെയ്ല്‍ ജീവനക്കാരെ റിലയന്‍സ് ഇന്റസ്ട്രീസ് തങ്ങളുടെ പേറോളിലേക്ക് മാറ്റുകയാണ്. ആമസോണ്‍ ഈ കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും ഫ്യൂചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു ആമസോണ്‍. എന്നാല്‍ ഇപ്പോഴത്തെ മുകേഷ് അംബാനി കമ്പനിയുടെ നീക്കം ലോകത്തിലെ ഇ-കൊമേഴ്സ് ഭീമന് കനത്ത തിരിച്ചടിയാണ്. 24713 കോടി രൂപയുടേതാണ് ഫ്യൂചര്‍-റിലയന്‍സ് ഇടപാട്. 2021 മെയ് മാസത്തിനകം ഇടപാട് പൂര്‍ത്തിയാക്കാനായിരുന്നു ഇരു കമ്പനികളും തീരുമാനിച്ചിരുന്നത്. ആമസോണ്‍ പരാതിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇത് വൈകുകയായിരുന്നു.