KeralaNEWS

മാഞ്ഞു പോയ മന്ദഹാസം, കെ.പി.എ.സി ലളിതയെക്കുറിച്ച് ആർദ്രമായ ഒരോർമ

കെ.എസ് മനോജ്

താണ്ട് 11 വർഷം മുമ്പാണ്.
ചെന്നൈ തിരുവനന്തപുരം മെയിലിൽ ഡ്യൂട്ടിക്ക് കയറാൻ വേണ്ടി ഞാൻ രാവിലെ കൊല്ലത്ത് പ്ലാറ്റ്ഫോമിൽ നിൽക്കുകയാണ്. ആ ട്രെയിനിൽ കൊല്ലം വരെ ഡ്യൂട്ടിയുള്ള എന്റെ അടുത്ത സുഹൃത്തായ ടി.ടി.ഇ വിളിക്കുന്നു:
“മനോജേ, പ്ലാറ്റ്ഫോമിലുണ്ടോ, ഒരു ഉപകാരം ചെയ്യാമോ…?”
ഞാൻ കാര്യം തിരക്കി.
“നമ്മുടെ ലളിതച്ചേച്ചി വണ്ടിയിലുണ്ട്. അവർക്ക് എന്തെങ്കിലും ബ്രേക്ക് ഫാസ്റ്റ് വേണമെന്ന് പറയുന്നു. ഒന്ന് സംഘടിപ്പിക്കാമോ?”
ഉടനെ ഞാൻ ചോദിച്ചു:
“ഏത് ലളിതച്ചേച്ചി”
“നമ്മുടെ കെ.പി.എ.സി ലളിത… അറിയില്ലേ…?”
‘ലളിത ച്ചേച്ചിയെ അറിയാത്ത ഇവനാരെടാ ‘ എന്ന മട്ടിലായിരുന്നു സുഹൃത്തിന്റെ മറുചോദ്യം.
എന്റെ ഇഷ്ടതാരങ്ങളുടെ നിരയിൽ കെ.പി.എ.സി ലളിത മുന്നിൽ തന്നെ ഉണ്ടെങ്കിലും ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഒന്നു പരിചയപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തണ്ട.
ബ്രേക്ക് ഫാസ്റ്റ് വാങ്ങാമെന്ന് ഞാൻ സമ്മതിച്ചു. സമയം നോക്കിയപ്പോൾ വണ്ടി വരാൻ ഇനിയും അര മണിക്കൂർ കൂടി ബാക്കിയുണ്ട്.
സ്റ്റേഷന് വെളിയിലെ ഉഡുപ്പി ഹോട്ടലിൽ നിന്നും രണ്ട് നെയ്യ് റോസ്റ്റും രണ്ടു വടയും പാഴ്സൽ വാങ്ങി വന്നു. അതിന് ഏതാണ്ട് നൂറ് രൂപയോളം ചിലവായി. വണ്ടി വന്നു നിന്നപ്പോൾ സുഹ്യത്തായ ടി.ടി.ഇ ഇറങ്ങി വന്ന് ചെവിയിൽ പറഞ്ഞു:
“ലളിതച്ചേച്ചി തേർഡ് എ.സി, ബി3 47 ൽ ഇരിപ്പുണ്ട്, ബ്രേക്ക് ഫാസ്റ്റ് കൊടുത്തിട്ടു പൈസയും വാങ്ങണേ…”
അയാൾ യാത്ര പറഞ്ഞു പോയി.
ഞാൻ ബ്രേക്ഫാസ്റ്റ് കൊണ്ടു ചെന്നു കൊടുത്തപ്പോൾ അവർക്ക് വലിയ സന്തോഷമായി.
“ഞാൻ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ…?” ലളിത ചേച്ചി സഹജമായപുഞ്ചിരിയോടെ ചോദിച്ചു. എന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ വിവരങ്ങൾ തിരക്കി. ആദ്യം കാണുകയാണെങ്കിലും, നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ വാത്സല്യനിധിയായി ചേച്ചിയായി മാറി അവപ്പോൾ.
താരജാടകളൊന്നും ഇല്ലാത്ത നിഷ്കളങ്കമായ പെരുമാറ്റം. സിനിമയിൽ കാണുന്ന പോലെയുള്ള സംഭാഷണം. ഭക്ഷണത്തിന് എത്ര രൂപയായി എന്ന് ചോദിച്ചുകൊണ്ട് രണ്ട് നൂറു രൂപ നോട്ടുകൾ നീട്ടി. ചിരിച്ചു കൊണ്ട് ഞാൻ നിരസിച്ചു:
“എന്റെ ഇഷ്ടതാരമാണ് ചേച്ചി. അതു കൊണ്ടു തന്നെ ഭക്ഷണത്തിൻ്റെ കാശ് ഞാൻ വാങ്ങുന്നത് ശരിയല്ല. അതൊരു കടമായി തന്നെ കിടക്കട്ടെ…”
“അത് പറ്റില്ല, വാങ്ങണം…”
അവർ വാശി പിടിച്ചു. ഞാൻ അത് കേട്ട ഭാവം നടിക്കാതെ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ ആരാഞ്ഞു. സംഭാഷണത്തിന് ഒരു പിശുക്കും കാണിക്കാതെ അവർ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ യാത്ര പറയാനും ചേച്ചി മറന്നില്ല. പിന്നീട് ഒരു തവണ കൂടി ട്രെയിനിൽ വച്ച് കണ്ടപ്പോൾ ഞാൻ തമാശ രൂപേണ പഴയ കൂടിക്കാഴ്ചയുടെ കഥ പറഞ്ഞു. ആ ഓർമയിൽ നിറഞ്ഞ ചിരിയോടെ ലളിത ചേച്ചി പറഞ്ഞു:
” അങ്ങനൊരു കടം കിടക്കുന്നതു കൊണ്ട് മനോജ് വല്ലപ്പോഴും എന്നെ ഓർക്കുമല്ലോ…”
പിന്നീട് ലളിത ചേച്ചിയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചില്ല. ആ ചെറിയ കടം എന്നെന്നേക്കുമായി ബാക്കി വച്ച് അതുല്യയായ ആ കലാകാരി യാത്രയായി….
നിറഞ്ഞ മന്ദഹാസത്തോടെ, പ്രിയപ്പെട്ട ചേച്ചിയായി ഇനി ഒരിക്കലും അവർ മുന്നിലെത്തുകയില്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളിലൊരു തേങ്ങൽ…!

Back to top button
error: