തിരുവനന്തപുരം: വനിതയായതിനാല്‍ അപമാനം സഹിച്ചാണ് താന്‍ കേരളാ പൊലീസില്‍ ജോലി ചെയ്തിരുന്നത് എന്ന
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്താവന സഭയിലുന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ശ്രീലേഖ അതൃപ്തി തന്നെ അറിയിച്ചിട്ടില്ലെന്നും ഏത് കാലത്താണ് ഇത് സംഭവിച്ചതെന്നത് അവ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവഞ്ചൂരിന്റെ സമയത്തും അവർ ഓഫീസിലുണ്ടായിരുന്നു.എന്ത് സംഭവിച്ചു എന്നത് ശ്രീലേഖ തന്നെ പറയണമെന്നും തിരുവഞ്ചൂരിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞ കാര്യങ്ങളാണ് തിരുവഞ്ചൂര്‍ സഭയില്‍ ഉന്നയിച്ചത്.
‘തിരുവഞ്ചൂര്‍ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ശ്രീലേഖ പൊലീസിലുണ്ടായിരുന്നു.ഏത് ഘട്ടത്തിലാണ് ദുരനുഭവം ഉണ്ടായത് എന്നത് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു തരത്തിലുള്ള അതൃപ്തിയും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. സ്വാഭാവികമായി ഏതൊരു പൊലീസ് ഉദ്യോഗസ്ഥരെയും പോലെ അവരുടെ ആഗ്രഹങ്ങള്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചതായി അവര്‍ പരാമര്‍ശിച്ചിട്ടില്ല. എന്താണ് കാര്യമെന്ന് ശ്രീലേഖ വ്യക്തമാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.’ – മുഖ്യമന്ത്രി പറഞ്ഞു.