പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടവും ഇന്നാണ്. പഞ്ചാബിൽ 117 മണ്ഡലങ്ങളിലേക്ക് ഒരു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുകോണ മത്സരമാണ് പഞ്ചാബിൽ അരങ്ങേറുന്നത്.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, അകാലി ദൾ-ബിഎസ്പി സഖ്യം, ബിജെപി-പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യം എന്നിവയാണ് മത്സരരംഗത്തെ പ്രധാനികൾ. ആർക്കും ഭൂരിപക്ഷമില്ലാത്ത സഭയായിരിക്കും ഇത്തവണയുണ്ടാകുക എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും എഎപി മുൻതൂക്കം നേടിയിട്ടുണ്ട്. ദളിത് വോട്ടുകളിലാണു കോൺഗ്രസിന്റെ പ്രതീക്ഷ.
1304 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിംഗ് ബാദൽ, അമരീന്ദർ സിംഗ്, എഎപി യുടെ മുഖ്യമന്ത്രിസ്ഥാനാർഥി ഭഗവന്ത് മൻ, പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ തുട ങ്ങിയവരാണു മത്സരിക്കുന്ന പ്രമുഖർ. ചന്നി രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടുന്നു. തൊണ്ണൂറ്റിനാലുകാരനായ പ്രകാശ് സിംഗ് ബാദൽ ലംബി സീറ്റിലാണ് മ ത്സരിക്കുന്നത്.
ഉത്തർപ്രദേശിൽ 16 ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് ഇന്നു ജനവിധി. അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലം ഉൾപ്പെടെ സമാജ്വാദി പാർട്ടിയുടെ ശ ക്തികേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ്. മുലായംസിംഗിന്റെ തട്ടകമായ ഇറ്റാവയും അഖിലേഷ് മത്സരിക്കുന്ന കർഹാലും ഉൾപ്പെടെ 30 മണ്ഡലങ്ങളിൽ എസ്പി വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്.
ആകെ 2.16 കോടി വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്. 97 വനിതകളുൾപ്പെടെ 627 സ്ഥാനാർഥികളാണു ജനവിധി തേടുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ അജയ് കുമാർ ശുക്ല പറഞ്ഞു. 15,557 പോളിംഗ് സ്റ്റേഷനുകളിലായി 25,794 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
കനൂജ്, ഷെയ്കോഹാബാദ്, ഫിറോസാബാദ്, മെയിൻപുരി, കർഹാൽ, അലിഗഞ്ച്, ആര്യ നഗർ, സദാബാദ്, ആര്യനഗർ, സിസാമു തുടങ്ങിയവ പ്രശ്നബാധിത മണ്ഡലങ്ങളാണെന്ന് പോലീസ് വിലയിരുത്തുന്നു.