ട്രക്കിങ് നടത്താൻ തിരുവനന്തപുരത്ത് നാലിടങ്ങളിൽ മാത്രം അനുമതി
കുന്നും മലയും കാടും പുഴയുമൊക്കെ ആഹ്ലാദപൂർവ്വം കയറിയിറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് പക്ഷേ സ്വന്തം ഇഷ്ടപ്രകാരം മലകയറാനോ കാട് കാണാൻ പോകാനോ കഴിയില്ല. സാഹസിക സഞ്ചാരങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കാടും മേടും കയറാൻ വനംവകുപ്പിൻ്റെ അനുമതി വേണം
തിരുവനന്തപുരം ജില്ലയിൽ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് നടത്താൻ കഴിയുന്നത് നാലിടങ്ങളിൽ മാത്രമാണ്.
അഗസ്ത്യകൂടം, പാണ്ടിപ്പത്ത്, സീതാതീർത്ഥം, വരയാട്ടുമൊട്ട എന്നിവിടങ്ങളാണത്. മറ്റിടങ്ങളിലെ അനധികൃത ട്രക്കിങ് വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്.
ജില്ലയിലെ ഏറ്റവും വലിയ ട്രക്കിങ് അഗസ്ത്യകൂടവും വരയാട്ടുമൊട്ടയുമാണ്.
അഗസ്ത്യകൂടത്തിൽ 1868 മീറ്റർ പൊക്കത്തിലും വരയാട്ടുമൊട്ടയിൽ 1200 മീറ്റർ പൊക്കത്തിലുമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ട്രക്കിങ് നടത്താവുന്നത്.
ഇവ കൂടാതെ 1600 മീറ്റർ പൊക്കമുള്ള പൊന്മുടി സീതാതീർത്ഥം, 1450 മീറ്റർ പൊക്കമുള്ള പാണ്ടിപ്പത്ത് എന്നിവിടങ്ങളിലും വനംവകുപ്പ് ട്രക്കിങ് സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ വനപാലകരുടെയും ഗൈഡിന്റെയും നിയന്ത്രണമുണ്ടാകും.
കുളത്തൂപ്പുഴ റേഞ്ചിലെ ശംഖിലി ഉൾവനങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ജീപ്പുസവാരിയും നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. പാണ്ടിപ്പത്തിൽ വൈൽഡ് ലൈഫ് നേരിട്ടാണ് ട്രക്കിങ് സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വനമേഖലയിലേക്ക് അനധികൃതമായി കടന്ന സംഭവത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 24-ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വലിയ തുക പിഴയായി ഈടാക്കിയ കേസുകളിൽ പ്രതികൾക്ക് ജയിൽശിക്ഷയും ലഭിച്ചിട്ടുണ്ട്.