അടിയന്തരാവസ്ഥയിലെ അഭിമാനകഥ, ഡോ. ടി. ആർ. ശിവശങ്കരൻ എന്ന ‘ബ്രതോൾട് ബ്രെശ്ട്’- ഡോ. എൻ പി ചന്ദ്രശേഖരന്റെ ഓർമക്കുറിപ്പ്
ദിവസങ്ങൾക്കുമുമ്പ് ഓർമ്മയായ ഡോ. ടി. ആർ. ശിവശങ്കരന്റെ ജീവിതത്തിലെ അവിസ്മരണീയാദ്ധ്യായത്തിലെ മൂകസാക്ഷിയായ നോട്ടീസ് കണ്ടെത്തി. അക്കാലത്ത് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഡ്വ. സി. എം. സുരേഷ് ബാബുവിന്റെ ശേഖരത്തിൽനിന്ന്.
അടിയന്തരാവസ്ഥക്കാലത്ത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പുറത്തിറക്കിയ നോട്ടീസാണിത്. ബ്രതോൾട് ബ്രെഹ്തിന്റെ കവിതയാണ് നോട്ടീസ് പങ്കുവച്ചത്.
ടിആർഎസിന്റെ ജീവിതത്തിലെ ആ ചോരപുരണ്ട ഏട് സിഐസിസി ജയചന്ദ്രനെപ്പോലുള്ള സഹപാഠികൾ ഇന്നുമോർക്കുന്നു.
പോലീസിന്റെ തേർവാഴ്ചക്കാലം കൂടിയായിരുന്നു അടിയന്തരാവസ്ഥ. പോലീസുകാരും നോട്ടീസുകാര്യം അറിഞ്ഞു. രഹസ്യാന്വേഷണം നടത്തി. മഹാരാജാസിൽ ‘ബ്രശ്ട്’ എന്ന ഒരപകടകാരി എംഎ പഠിക്കാനെത്തിയിരിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. (ബ്രതോൾട്ട് ബ്രെശ്ത് എന്നായിരുന്നു നോട്ടീസിലെ കവിപ്പേര്.)
‘ഓപ്പറേഷൻ ബ്രശ്ട്’ തയ്യാറായി. പോലീസ് മഹാരാജാസിലേയ്ക്ക്.
ക്യാമ്പസിൽ പോലീസ് വിലസിയ കാലം. കെ എസ് യു നേതാക്കൾ പോലീസ് ജീപ്പിൽ കോളജിൽ വന്നിരുന്ന കാലം. ഒരു നേതാവിന്റെ വരവ് എന്നും നാടകീയമായിരുന്നു. അയാളെയുംകൊണ്ട് പോലീസ് ജീപ്പ് ഇരമ്പി വരും. മഹാരാജാസിന്റെ മുറ്റത്ത് വട്ടമിട്ട് സഡൻ ബ്രേക്കിട്ടു നില്ക്കും. നേതാവ് സിനിമാ സ്റ്റൈലിൽ ചാടിയിറങ്ങും.
‘ഓപ്പറേഷൻ ബ്രെശ്ടി’ന് പോലീസ് അയാളെത്തന്നെ കൂടെക്കൂട്ടി.
“ആരാണ് ബ്രെശ്ത്?” എന്ന് പോലീസുകാർ.
“കാട്ടിത്തരാം” എന്നു നേതാവ്.
ജീപ്പ് കോളേജിലേയ്ക്ക്. മുറ്റത്തെ വട്ടമിടൽ. സഡൻ ബ്രേക്ക്. നേതാവിന്റെ ചാടിയിറങ്ങൽ.
ബ്രതോൾട്ട് ബ്രെശ്തിനെ അയാൾ ചൂണ്ടിക്കാട്ടി.
അത് ടി ആർ ശിവശങ്കരനായിരുന്നു.
എം എ വിദ്യാർത്ഥി. കവി. മാഗസിൻ എഡിറ്റർ. എസ്എഫ്ഐ നേതാവ്.
ശിവശങ്കരനെ പോലീസ് വളഞ്ഞു. തല്ലി വീഴ്ത്തി. വരാന്തകളിലൂടെയും മുറ്റത്തുകൂടെയും വലിച്ചിഴച്ചു. ജീപ്പിൽക്കയറ്റി കൊണ്ടുപോയി.
മഹാരാജാസിന്റെ വരാന്തകളിലും മുറ്റത്തും ആ ചെറുപ്പക്കാരന്റെ ചോരവീണു.
ശിവശങ്കരൻ ലോക്കപ്പിലായി. കേസിൽപ്പെട്ടു. ജയിലിൽക്കിടന്നു.
ആ നോട്ടീസ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. ദിവസങ്ങൾക്കുമുമ്പ് ഓർമ്മയായ ടിആർഎസിന്റെ ക്ഷുഭിതയൗവനത്തിന്റെ നിത്യസാക്ഷി.
അടിയന്തരാവസ്ഥയ്ക്കു പിന്നാലേ കോൺഗ്രസ്സിനെ ഇന്ത്യ നിരാകരിക്കുകയും കേരളം അംഗീകരിക്കുകയും ചെയ്തപ്പോൾ സച്ചിദാനന്ദൻ എഴുതി:
“ഹരിയാണയിലെ കൃഷിക്കാരനും
കാൺപുരിലെ ചെരിപ്പുകുത്തിയും
ബിഹാറിലെ ഖനിത്തൊഴിലാളിയും
ബീർഭൂമിലെ ആദിവാസിയും
നിങ്ങൾക്കു നിങ്ങളുടെ ജനാധിപത്യം തിരിച്ചുതന്നു.”
അതു നേരായിരിക്കെത്തന്നെ, അടിയന്തരാവസ്ഥ മുൻനിർത്തി കേരളത്തിന് ഓർക്കാവുന്ന അഭിമാനകഥകളിൽ ഈ കടലാസുതുണ്ടുണ്ട്, ടി ആർ ശിവശങ്കരൻ എന്ന പേരുണ്ട്, മഹാരാജാസ് എന്ന വിദ്യാർത്ഥിയിടവുമുണ്ട്.
പ്രിയ അധ്യാപകൻ ടിആർഎസ്സിന് റെഡ് സല്യൂട്ട്… ഡോ. എൻ പി ചന്ദ്രശേഖരൻ
അഡ്വ. സി. എം. സുരേഷ് ബാബുവിന് നന്ദി, ചരിത്രത്തിനു വേണ്ടി.
——–