KeralaNEWS

തെളിവുകൾ അവശേഷിപ്പിക്കാതെ കടന്നു കളഞ്ഞ കൊലയാളിയെ കണ്ടെത്തിയ അന്വേഷണ മികവ്

തിരുവനന്തപുരം അമ്പലമുക്ക് അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ  കൊലപ്പെടുത്തിയ   കേസിലെ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.  കന്യാകുമാരി ജില്ലയിൽ തോവാള, വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രൻ (49) നെയാണ്   പ്രത്യേക അന്വേഷണ  സംഘം പിടികൂടിയത്. ഇയാള്‍ തമിഴ്നാട്ടിലെ നാലു കൊലപാതക ഉള്‍പ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട കൊടുംകുറ്റവാളിയാണ്.
കേരള പോലീസിന്റെ അന്വേഷണ മികവിനും  കഴിഞ്ഞ അഞ്ചു ദിവസമായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിനും ഒടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.  കുറ്റകൃത്യത്തിന് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു ഇയാൾ.  പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു.  സി സി ടി വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് പ്രതിയിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ.  കൃത്യമായ വിശകലനങ്ങളൂം പഴുതടച്ചുള്ള അന്വേഷണവും പ്രത്യേക സംഘങ്ങളായി നടത്തിയ തിരച്ചിലും പ്രതിയെ പരമാവധി വേഗത്തിൽ തന്നെ പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായി.
അന്വേഷണത്തില്‍  തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കാവൽകിണർ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട വിനീതയുടെ നാല് പവനോളം തുക്കം വരുന്ന സ്വർണ്ണ മാല കവരുന്നതിനായാണ് പ്രതി  ക്രൂര കൃത്യം നടത്തിയത്.  ഇയാൾ പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിൽ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.
ഞായറാഴ്ച  നിയന്ത്രണത്തിന്റെ ഭാഗമായി തിരക്ക് കുറഞ്ഞതിനാൽ കൃത്യത്തിനായി ഇയാള്‍ ഈ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ  നാലു  കൊലപതാക കേസുകൾ ഉൾപ്പെടെ  തമിഴ്നാട്ടിലെ അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പൂര്‍ തുടങ്ങിയ വിവിധ  പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം അടിപിടി, തുടങ്ങിയ നിരവധി കേസുകളിലും പ്രതിയും  തമിഴ്നാട്ടില്‍ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ( ക്രമസമാധാനം ) അങ്കിത് അശോകൻ IPS ന്റെ  മേല്‍നോട്ടത്തില്‍ കൺട്രോൾറൂം എ. സി. പി.പ്രതാപന്‍നായര്‍, കന്റോൺമെന്റ് എ.സി.പി.ദിനരാജ്, നാര്‍ക്കോട്ടിക് സെല്‍  എ.സി.പി. ഷീന്‍തറയില്‍, പേരൂര്‍ക്കട എസ്. എച്ച്. ഓ  സജികുമാര്‍, മണ്ണന്തല എസ്. എച്ച്. ഓ   ബൈജു  എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്  എഗൈൻസ്റ്റ്ഓർഗനൈസ്ഡ് ക്രൈംസ്  ടീമും സംയുക്തമായാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Back to top button
error: