കേരളത്തെ അക്ഷേപിച്ച യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബഹളം, രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസിൻ്റെ നോട്ടീസ്
വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു.പി, കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നാണ് 58 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന. ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നർത്ഥം
ദില്ലി: സൂക്ഷിച്ചില്ലെങ്കിൽ യു.പി, കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവനയ്ക്കെതിരെ ഇരുസഭളിലും പ്രതിപക്ഷം നോട്ടീസ് നൽകി. അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് ലോക്സഭയിൽ കേരളത്തിലെയും പശ്ചിമബംഗാളിലെയും അംഗങ്ങൾ ബഹളം വച്ചത്. ലോക്സഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബി.ജെ.പി എതിർത്തു.
രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥിൻ്റേതെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ്, എൻകെ പ്രേമചന്ദ്രൻ, ടിഎൻ പ്രതാപൻ എന്നിവരാണ് നോട്ടീസ് നല്‍കിയത്. എൻ.കെ പ്രേമചന്ദ്രൻ ചെയറിൽ ഇരുന്നപ്പോൾ തൃണമൂൽ കോൺഗ്രസിൻ്റെ സൗഗത റോയിക്ക് വിഷയം ഉന്നയിക്കാൻ അനുവാദം നല്‍കിയതിനെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ എതിർത്തത് ബഹളത്തിനിടയാക്കി. കശ്മീർ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളെ യോഗി അപമാനിക്കുകയാണ് എന്ന് സൗഗത റോയി പറഞ്ഞു.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പിയാണ് രാജ്യസഭയിൽ നോട്ടീസ് നല്‍കിയത്. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിരോധിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇടത് എം.പിമാർ രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു.പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് യോഗി പറഞ്ഞത്.