ഒരു പ്രാണൻ വേണ്ടി വന്നു ഒരു ചുവപ്പുനാടയുടെ കെട്ടഴിക്കാൻ, ഒടുവിൽ തരംമാറ്റിയരേഖ കളക്ടർ സജീവന്റെ വീട്ടിലെത്തി കൈമാറി
സ്വന്തം ജീവൻ നോമിച്ചുകൊണ്ടാണ് സജീവൻ തൻ്റെ നാല് സെന്റ് ഭൂമിയുടെ തരംമാറ്റൽ രേഖ ശരിയാക്കി എടുത്തത്. ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുത്ത് ബാധ്യത തീർക്കാനാണ് സജീവൻ തരംമാറ്റത്തിനായി അപേക്ഷിച്ചത്. ഒരു വർഷത്തിലേറെ ഓഫീസ് കയറിയിറങ്ങിയിട്ടും ഇത് നടക്കാത്ത വിഷമത്തിൽ കഴിഞ്ഞ ബുധനാഴ്ച സജീവൻ തൂങ്ങിമരിച്ചു
എറണാകുളം: ഏതു സർക്കാർ ഭരിച്ചാലും ചുവപ്പ് നാടയുടെ കെട്ടഴിക്കുക ദുഷ്ക്കരമാണെന്ന യാഥാർത്ഥൃമാണ് സജീവൻ്റെ ആത്മഹത്യയിലൂടെ വ്യക്തമാകുന്നത്. സ്വന്തം ജീവൻ നോമിച്ചുകൊണ്ടാണ് സജീവൻ തൻ്റെ നാല് സെന്റ് ഭൂമിയുടെ തരംമാറ്റൽ രേഖ ശരിയാക്കി എടുത്തത്.
ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടിൽ ഭൂമി തരംമാറ്റിയതിന്റെ രേഖകൾ ജില്ലാ കളക്ടർ നേരിട്ടെത്തിച്ചു നൽകി.
മാല്യങ്കര കോഴിക്കൽ സജീവന്റെ വീട്ടിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നേരിട്ടെത്തി രേഖ കൈമാറി. ഞായറാഴ്ച റവന്യു മന്ത്രി വീട്ടിലെത്തി തരംമാറ്റ രേഖ ഉടൻ വീട്ടിലെത്തിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു.
ബാധ്യത തീർക്കാൻ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനാണ് സജീവൻ തരംമാറ്റത്തിനായി അപേക്ഷിച്ചത്. ഒരു വർഷത്തിലേറെ ഓഫീസ് കയറിയിറങ്ങിയിട്ടും ഇത് നടക്കാത്ത വിഷമത്തിൽ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു.
സജീവന്റെ മരണത്തിലുള്ള ദുഃഖം കളക്ടർ ബന്ധുക്കളെ അറിയിച്ചു. സജീവൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടോ എന്നതടക്കമുള്ളവ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്.
റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ. രാജൻ ഉറപ്പു നൽകിയിരുന്നു.