ഇ–ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത അലങ്കാരപ്പണികളും നീക്കം ചെയ്യാൻ കോടതി ഉത്തരവ്
വണ്ടിയിലെ അനധികൃത അലങ്കാരപ്പണികളെല്ലാം നീക്കം ചെയ്യണമെന്ന് വ്ലോഗര്‍മാരായ എബിനോടും ലിബിനോടും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. അത് അനുസരിച്ചില്ല എന്നു മാത്രമല്ല ആർ.ടി ഓഫിസിൽ ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു ഇരുവരും. ഒടുവിൽ അടീം കൊണ്ടു, പുളീം കുടിച്ചു, കരോം അടച്ചു എന്നു പറഞ്ഞ പോലായി ഇ ബുൾജെറ്റ് സഹോദരന്മാരുടെ അവസ്ഥ
കണ്ണൂർ: അടീം കൊണ്ടു, പുളീം കുടിച്ചു, കരോം അടച്ചു എന്നു പറഞ്ഞ പോലായി ഇ ബുൾജെറ്റ് സഹോദരന്മാരുടെ അവസ്ഥ. കേസിൽ ഇവർക്കെതിരായാണ് ഇന്ന് കോടതി ഉത്തരവ് വന്നത്. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം.
വാഹനം നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ തിരികെ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.
കണ്ണൂർ ആർ.ടി.ഒയുടെ കസ്റ്റഡിയിലുള്ള വാഹനം പോലീസ് ക്യാമ്പിലാണ് ഇപ്പോൾ. വാഹന ഉടമയുടെ ചെലവിൽ രൂപമാറ്റം വരുത്തിയശേഷം തിരിച്ചവിടെതന്നെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം ഈ കാര്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കി. ആറു മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിൻ്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലർ വാഹനത്തിൽ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് വണ്ടിയുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ലോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ആറ് മാസത്തേക്ക് രജിസ്ട്രേഷൻ റദ്ദാക്കിയത്. ഇതേ തുടർന്ന് കണ്ണൂർ ആർ ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.