തണ്ണിമത്തന് കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 13 മുതല്‍ 30 രൂപ നിരക്കിലാണ് കേരളത്തിൽ വില്‍പന നടന്നിരുന്നത്.ഈ സീസണിൽ 20 രൂപയ്ക്കായിരുന്നു തുടക്കം.45 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയം.അതിനാൽത്തന്നെ പാതയോരത്തും പഴക്കടകളിലും ഇതിന് തോന്നിയതുപോലെയാണ് വില.
തണ്ണിമത്തന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും വില നോക്കാതെ തന്നെ വാങ്ങിപ്പോകും.അത്രയ്ക്ക് ഗുണങ്ങളാണ് തണ്ണിമത്തന് ഉള്ളത്.പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ.മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസിമിക് ലോഡ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും നിയന്ത്രിത അളവിൽ ഇത് കഴിക്കാം.മാത്രമല്ല തണ്ണിമത്തൻ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
രക്തസമ്മർദം, നിർജ്ജലീകരണം എന്നിവ കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്.ഇതിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ ഇത് ഏറെ സഹായിക്കും.വത്തക്ക എന്ന് മലബാർ ഭാഗത്ത് അറിയപ്പെടുന്ന തണ്ണിമത്തൻ ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ചിലയിടങ്ങളിൽ അറിയപ്പെടുന്നു.
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് തണ്ണിമത്തൻ കൃഷി.ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കൃഷിക്ക് അനിയോജ്യമായ സമയം.സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്നതും തുറസ്സായതുമായ സ്ഥലമാണ് തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യം.കളകളൊക്കെ കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് രണ്ടുമീറ്റർ ഇടവിട്ട് കുഴിയെടുക്കുക.കുഴികൾക്ക് 60 സെന്റീമീറ്റർ വ്യാസവും 45 സെന്റീമീറ്റർ ആഴവും ഉണ്ടാകണം.ഓരോ തടത്തിലും കുറച്ച് കുമ്മായം ചേർത്ത് മേൽമണ്ണിളക്കണം.ഒരാഴ്ചയ്ക്ക് ശേഷം ഒരു തടത്തിന് 10 കിലോ വീതം ജൈവവളം ചേർക്കാം.ഇതിന് കാലിവളം, കമ്പോസ്റ്റ്, കോഴിവളം, മണ്ണിരകമ്പോസ്റ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. ഇതിന് ശേഷം വിത്ത് പാകാവുന്നതാണ്. ഒരുതടത്തിൽ മൂന്ന് വിത്തുകൾ വീതം നടാം.
പിന്നീട് പൂവിടുമ്പോഴും കായ്ക്കുമ്പോഴും ജൈവവളങ്ങളായ ബയോഗ്യാസ് സ്ലറി, ഫിഷ് അമിനോ ആസിഡ്, ട്രൈക്കോഡെർമ എന്നിവ പ്രയോഗിക്കാം.തുടക്കത്തിൽ രണ്ട് ദിവസത്തിലൊരിക്കൽ നിർബന്ധമായും നനച്ചിരിക്കണം.പൂവിടല്‍, കായ് വളരുക തുടങ്ങിയ നിര്‍ണായക വളര്‍ച്ചാഘട്ടങ്ങളില്‍
മികച്ച ഇനങ്ങൾ
1.അർക്ക മണിക്ക്
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചാണ് ഈ ഇനം ഉൽപാദിപ്പിച്ചത്.അതിമധുരവും സുഗന്ധവുമാണ് ഈ ഇനത്തിന്റെ പ്രത്യേകത.
2.ഷുഗർ ബേബി
ദില്ലിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രമാണ് ഇത് ഉൽപാദിപ്പിച്ചത്.ചെറിയ കായ്കൾക്ക് 3-5 കിലോ തൂക്കം ലഭിക്കും.
3.അർക്ക ജ്യോതി
ഉരുളൻ കായകൾ, ഇളംപച്ചതോട്, കടുംപച്ചവരകൾ, ചുകപ്പൻ അകക്കാമ്പ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.
4.ശോണിമയും സ്വർണയും
തണ്ണിമത്തന്റെ വിത്തുകൾ പലപ്പോഴും കഴിക്കുമ്പോൾ അരോചകമാകാറുണ്ട്. ഇതിനൊരു പരിഹാരമായി കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ വിത്തിനമാണ് ശോണിമയും സ്വർണയും.ഇതിൽ ശോണിമയുടെ ഉൾക്കാമ്പ് ചുവപ്പും സ്വർണയുടെ കാമ്പ് മഞ്ഞയുമാണ്.
വിത്തുകൾ ലഭിക്കാൻ
☛ നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍, പാലക്കാട്-0491 2566414
☛ അറ്റിക് സെയില്‍സ് കൗണ്ടര്‍, മണ്ണുത്തി-0487 2370540
☛ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്,ബെംഗളൂരു-080 23086100