അംഗപരിമിതിയെ തോൽപ്പിച്ച് സ്വന്തം സ്വപ്നം എത്തിപ്പിടിച്ച രാഹുൽ എന്ന മാതൃക
കൂട്ടുകാർക്ക് രാഹുൽ കര്‍ണനാണ്. വിജയം വെട്ടിപ്പിടിച്ച കർണൻ...! ജന്മനാ ഇടത് കാല്‍പാദം ഇല്ലാതിരുന്നിട്ടും കഠിനമായ പരിശ്രമത്തിലൂടെ ഇയാൾ ക്രിക്കറ്റിന്‍റെ പടവുകള്‍ കയറി. അംഗീകാരങ്ങൾ നേടി. നിഷ്ക്രിയത്വം മൂലം ജീവിതം പാഴാക്കി കളയുന്ന പലർക്കും രാഹുലിൻ്റെ ജീവിതം ഒരു ഗൃഹപാഠമാണ്.
അംഗപരിമിതിയെ തോല്‍പിച്ച് തന്‍റെ സ്വപ്നം സഫലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഹുല്‍. ജന്മനാ ഇടത് കാല്‍പാദം ഇല്ലാതിരുന്നിട്ടും കഠിന പരിശ്രമത്തിലൂടെ ക്രിക്കറ്റിന്‍റെ പടവുകള്‍ കയറാനും അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു ഈ ചെറുപ്പക്കാരന്.
കല്ലിയൂര്‍ കുഴിതാലച്ചല്‍ കുളത്തിന്‍കര ഗോകുലം വീട്ടില്‍ രാമചന്ദ്രന്‍- വത്സ ദമ്പതികളുടെ മകനാണ് കര്‍ണന്‍ എന്ന് കൂട്ടുകാര്‍ സ്നേഹപൂര്‍വം വിളിക്കുന്ന ആര്‍ രാഹുല്‍.
ക്രിക്കറ്റിനെ സ്വന്തം ജീവനുതുല്യം സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ പ്രധാനമായും കളിക്കുന്നത് വെള്ളനാട് സ്പാരോ ടീമിലാണ്. ചിറയില്‍ ലയണ്‍സ് ടീമില്‍ കളിച്ചിരുന്ന അനീഷ് തമ്പിയാണ് ഇദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയത്. തുടര്‍ന്ന് നിരവധി മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
ഒരുമാസം മുമ്പ് കോട്ടയം ട്രാവന്‍കൂര്‍ അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചാലഞ്ച്ഡ് ട്വന്‍റി-20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
കോട്ടയവുമായി നടന്ന ഫൈനല്‍ മത്സരം മഴ മുടക്കിയെങ്കിലും ഏഴ് ജില്ലകള്‍ പങ്കെടുത്ത ടൂര്‍ണമമെന്റില്‍ മികച്ച ബൗളറും മാന്‍ ഓഫ് ദ മാച്ചും ആയി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്ത് ഉടൻ നടക്കുന്ന ക്യാമ്പാണ് രാഹുല്‍ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. ഈ മാസം 28 മുതല്‍ 30 വരെ ആന്ധ്രാപ്രദേശില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ തിരുവനന്തപുരത്തു നിന്ന് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു.
കാല്‍പാദമില്ല എന്ന പരിമിതി ഉണ്ടെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും ഒരു പ്രശ്നവും രാഹുലിനില്ല. അര്‍പ്പണമനോഭാവവും കഠിന പരിശ്രമവുമാണ് ക്രിക്കറ്റ് പ്ലയര്‍ എന്ന നിലയിലേക്ക് മാറാന്‍ ഈ ചെറുപ്പക്കാരന് സഹായമായത്.
ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിരുവനന്തപുരത്തിന് അഭിമാനമായ രാഹുലിന് നാട്ടുകാരുടെയും കുട്ടുകാരുടെയുമാക്കെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ആവോളം ലഭിക്കുന്നുണ്ട്. ആര്‍ രാജീവ്, രമ്യ വി രാമചന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്.