സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നതായി സൂചന.ഇതു സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.ബിവറേജസ്,ബാർ എന്നിവ ഈ പ്രദേശങ്ങളിൽ അടയ്ക്കാനാണ് സാധ്യത. കോളജുകള്‍ അടക്കുന്നതും വ്യാപാരകേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തുന്നതും ഉൾപ്പടെ നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടവന്നേക്കും.എന്നാല്‍ പൂര്‍ണമായ അടച്ചിടലിലേക്ക് സംസ്‌ഥാനം പോകില്ലെന്നാണ് ലഭിക്കുന്ന വിവരം.അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.
സ്വിമ്മിങ് പൂളുകള്‍, ജിനേംഷ്യങ്ങള്‍, ബാർബർ ഷോപ്പുകൾ എന്നിവ രോഗവ്യാപന കേന്ദ്രങ്ങളാകാന്‍ സാധ്യതയുള്ളതിനാൽ ഇതും അടച്ചിടുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.അന്‍പതിനടുത്ത് ടിപിആര്‍ വരുന്ന തലസ്ഥാന ജില്ലയിലാണ് നിലവിൽ സ്ഥിതി ഗുരുതരം.വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയേക്കും. കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും.
പൊതുഗതാഗതത്തിലും നിയന്ത്രണം സര്‍ക്കാരിന്‍റെ ആലോചനയിലാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്.ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം വേണമോയെന്ന് നാളത്തെ കോവിഡ് അവലോകന യോഗത്തിലാവും തീരുമാനം എടുക്കുക.