പൊണ്ണത്തടികുറയ്ക്കാൻ കുറുക്കുവഴികളില്ല, ഉപേക്ഷിക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണ പദാർത്ഥങ്ങൾ
വണ്ണം കുറയ്ക്കാന്‍ പലവഴികള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവർ ഏറെയാണ്. വർക്കൗട്ടിൽ അമിത ശ്രദ്ധ കൊടുക്കുന്നവർ, ചില ഫുഡ്സപ്ലിമെൻ്റുകൾ പരീക്ഷിക്കുന്നവർ, ഡയറ്റിന് പിന്നാലെ പായുന്നവർ ഇങ്ങനെ വണ്ണം കുറയ്ക്കാൻ പല വഴികൾ തേടുന്നവർ ധാരാളം. ഇതിൽ ഏറ്റവും കാര്യമായി ശ്രദ്ധിക്കേണ്ടത് ഡയറ്റ് തന്നെ.
ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുക.
1. സൂപ്പ് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ പലരും ഹെവി ക്രീം ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.
2. ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്തും. മാത്രമല്ല വണ്ണം കൂടാനും കാരണമാകും.
3. ഭക്ഷണത്തിന്‍റെ ഇടവേളകളിലും ജോലിയ്ക്കിടയിലും ധാരാളം ചായയും കാപ്പിയും കുടിക്കുന്ന ശീലമുണ്ടോ…? പഞ്ചസാര, പാൽ, കോഫി ഇതെല്ലാം വണ്ണം കൂട്ടും.
4. ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
5. ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കുക.
6. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.
7. മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കും. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.
8. ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. പക്ഷേ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. അതിനാല്‍ ജങ്ക് ഫുഡ് വർജ്ജിക്കുക.
വയറിലെ കൊഴുപ്പ് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ഇത് ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.
ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് ‘വിസറൽ കൊഴുപ്പ്’.
കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കും. വിസറൽ കൊഴുപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. മാത്രമല്ല ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ചില അർബുദങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
‘വിസറൽ കൊഴുപ്പ്’ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് തൈര്.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിസറൽ കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവർ ഒരു നേരമെങ്കിലും തെെര് കഴിക്കുന്നത് ശീലമാക്കണം.
ഒരു കപ്പ് തൈരിൽ 20-23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇത് അമിത ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.
തൈരിൽ ആരോഗ്യകരമായ ‘പ്രോബയോട്ടിക്സ്’ എന്ന നല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് ദോഷകരമായ ബാക്ടീരിയകൾ പെരുകുന്നത് തടയുകയും ആരോഗ്യകരമായ ദഹനം സാധ്യമാക്കുകയും ചെയ്യും.
കൊഴുപ്പില്ലാത്തതോ കൊഴുപ്പ് കുറഞ്ഞതോ ആയ തൈര് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കാരണം, പൂരിത കൊഴുപ്പ് അമിതമായി കഴിക്കുന്നത് വിസറൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു.
‘വിസറൽ ഫാറ്റ്’ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ
1.പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക.
2. നന്നായി ഉറങ്ങുക. ഉറക്കക്കുറവ് അമിതമായി ഭക്ഷണം കഴിക്കുന്നതും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. പതിവായി വ്യായാമം ചെയ്യുക.
4. ധാരാളം വെള്ളം കുടിക്കുക.
5. മധുരമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക.
പട്ടിണി കിടക്കാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ന്യൂട്രീഷണിസ്റ്റായ അസ്ര ഖാൻ പറയുന്നു:
ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കാതെ കലോറി കുറഞ്ഞ ഭക്ഷണങ്ങളുടെ ഒരു പട്ടിക ആദ്യം തയ്യാറാക്കാൻ അസ്ര നിർദേശിച്ചു.
അസ്രയുടെ നിർദേശങ്ങൾ നോക്കാം:
1. വെയ്റ്റ് ട്രെയിനിങ്
ശരീരഭാരം ആരോഗ്യകരമായ രീതിയിൽ കൊണ്ടുവരാൻ സഹായിക്കുന്ന മികച്ചൊരു മാർഗമാണ് വെയ്റ്റ് ട്രെയിനിങ്. ഇവ മസിലുകളെയും സന്ധികളെയം പുഷ്ടിപ്പെടുത്തുന്നു.
2. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്
ഫിറ്റ്നെസും ആരോഗ്യവും ശ്രദ്ധിക്കുന്നവർക്ക് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഏറെ പ്രധാനപ്പെട്ടതാണ്.
ഒരു തവണ ഭക്ഷണം കഴിച്ച ശേഷമുള്ള ഇടവേളയിൽ വേറൊരു ഭക്ഷണവും കഴിക്കാതിരിക്കുക എന്നതാണ് ഇടവിട്ടുള്ള ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരിക്കൽ കഴിച്ച ആഹാരം പൂർണമായും ദഹിക്കാൻ സമയം കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ ശരീരത്തിൽ അധികമുള്ള കൊഴുപ്പ് നീക്കം ചെയ്യാനും കഴിയും.
3. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം
കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് അസ്ര നിർദേശിക്കുന്നു.
ദീർഘനേരത്തേക്ക് വിശപ്പ് അടക്കി നിർത്താൻ ഇത് സഹായിക്കുമെന്നും ഒരു ദിവസം ഒട്ടേറെത്തവണ ഭക്ഷണം കഴിക്കുന്നത് ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും അസ്ര പറയുന്നു.