
കൊണ്ടോട്ടി: മൊറയൂര്‍ പോത്തുവെട്ടിപ്പാറയിലെ വാഹന വില്പന കേന്ദ്രത്തില്‍നിന്ന് മോഷണം പോയ രണ്ടു വാഹനങ്ങള്‍ കൊണ്ടോട്ടി പൊലീസ് കർണാടകയില്‍നിന്ന് പിടിച്ചെടുത്തു. പ്രത്യേക പൊലീസ് സംഘം ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വാഹന മോഷ്ടാക്കളെയും അറസ്റ്റ് ചെയ്തു. ദക്ഷിണ കർണാടക സ്വദേശികളായ കോള്‍നാട് സാലത്തൂര്‍ കാടുമട്ട പഷവത്ത് നസീര്‍ (25), മുഹമ്മദ് ഷാഹിദ് ( 20) എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഹോദരങ്ങളാണ്.
കഴിഞ്ഞ മാസം 25ന് പുലര്‍ച്ചയാണ് സംഭവം. പോത്തുവെട്ടിപ്പാറയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് പുലര്‍ച്ച രണ്ടോടെ ടാറ്റാ സുമോ, സ്വിഫ്റ്റ് കാറുകള്‍ കേന്ദ്രത്തിലെ പൂട്ടുതകര്‍ത്ത് സംഘം കടത്തുകയായിരുന്നു. കടയില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കാസര്‍കോട് അതിര്‍ത്തി കടന്നതായി കണ്ടെത്തി.തുടർന്ന് മംഗലാപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.






