അന്തരിച്ച കെ.ആര്. ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപവും ആലപ്പുഴയിലെ പത്തൊന്‍പതു സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശവും സഹോദരിയുടെ മകള്‍ ഡോ. പി.സി. ബീനാകുമാരിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്.
അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഭൂമിയും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപവും ബീനാകുമാരിക്കുള്ളതാണെന്ന് വില്പത്രത്തില് വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഗൗരിയമ്മയുടെ ഇളയ സഹോദരിയുടെ മകളാണ് ബീനാകുമാരി. അവസാനകാലം ഗൗരിയമ്മയെ പരിചരിച്ചത് ബീനാകുമാരിയാണ്.