NEWS

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പി. മാരുടെ യോഗം തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ ഇതുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

Signature-ad

സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നതാണ് ആവശ്യം. സ്വകാര്യ – പൊതുപങ്കാളിത്തത്തില്‍ കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തുന്ന അനുഭവജ്ഞാനം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടത്തിയത്.

*പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച മറ്റു പ്രധാന പ്രശ്നങ്ങള്‍*

1. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ബി.പി.സിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ബി.പി.സി.എല്ലിന്‍റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. നല്ല സാമ്പത്തിക പിന്തുണയും സംസ്ഥാനം നല്‍കിയിട്ടുണ്ട്. 1,500 കോടി രൂപ വായ്പ നല്‍കാനും തീരുമാനിച്ചു.

ബി.പി.സി.എല്‍. റിഫൈനറി പ്രയോജനപ്പെടുത്തി 25,000 കോടി രൂപ മുതല്‍മുടക്കില്‍ കൊച്ചിയില്‍ വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ബി.പി.സി.എല്‍. പൊതുമേഖലയില്‍ നിലനിര്‍ത്തണം.

2. ജി.എസ്.ടി. നഷ്ടപരിഹാരം: 2020  ജൂലൈ വരെ സംസ്ഥാനത്തിന് 7000 കോടിരൂപ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. ഈ തുക ഉടനെ ലഭ്യമാക്കണം. അഞ്ചുവര്‍ഷത്തെ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കണം. സംസ്ഥാനങ്ങള്‍ക്കുള്ള  ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രത്തിന്‍റെ ഭരണഘടനാബാധ്യതയാക്കുന്നതിന് നിയമനിര്‍മാണം നടത്തണം. നഷ്ടപരിഹാരം നല്‍കുന്നതിന് സെസ്സില്‍ നിന്നുള്ള വരുമാനത്തെമാത്രം ആശ്രയിക്കരുത്. നഷ്ടപരിഹാരത്തുക മുഴുവനായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ വായ്പയായി എടുക്കേണ്ടതാണെന്ന നിര്‍ദ്ദേശം സംസ്ഥാനത്തിന് സ്വീകാര്യമല്ല. നഷ്ടപരിഹാര ബാധ്യത സംസ്ഥാനങ്ങളുടെ തലയിലിടുന്ന നിര്‍ദേശമാണിത്. പലിശ സംസ്ഥാനം അടയ്ക്കേണ്ടിവരും. ഇതു സംസ്ഥാനത്തിന്‍റെ വായ്പാ ബാധ്യത വര്‍ദ്ധിപ്പിക്കും.

3. ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയും മൊറട്ടോറിയം കാലയളവിലെ പലിശക്ക് ഇളവ് നല്‍കുകയും വേണം.

4. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്‍റ് അനുവദിക്കണം. ഇക്കാര്യം 15-ാം ധനകാര്യ കമ്മീഷന്‍റെ  പരിഗണനാ വിഷയമായി ഉള്‍പ്പെടുത്തണം.

6. ദേശീയപാത വികസനം വേഗത്തിലാക്കണം. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് ദേശീയപാതാ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന വിഹിതമായി 25 ശതമാനം തുക നല്‍കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

6. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നുള്ള ധനവിനിയോഗത്തിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിവേചനാധികാരം  നല്‍കണം.

7. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്രത്തില്‍ നിന്ന് 220 കോടി രൂപ ലഭിക്കാനുണ്ട്. അതു ഉടനെ ലഭ്യമാക്കണം.

8. ജല്‍ജീവന്‍ മിഷനുള്ള കേന്ദ്ര വിഹിതം 50 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തണം. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍.

9. കേരളത്തില്‍ അകകങട സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട് കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

10. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കുന്നതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കണം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോദാത്തമായി പോരാടിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസല്യാരുടെയും പേരുകള്‍ ഉള്‍പ്പെട്ടതിന്‍റെ പേരില്‍ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടു പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എം.പി.മാരുടെ യോഗം ഏകകണ്ഠമായി  കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1857- മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിലെ ഈ പോരാളികള്‍ക്കെതിരെ കേരളത്തിലെ ബി.ജെ.പി. – ആര്‍.എസ്.എസ്. നേതൃത്വം അടുത്ത കാലത്ത് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വെബ് സൈറ്റില്‍ നിന്ന് നിഘണ്ടു മാറ്റിയത്. സ്വാതന്ത്ര്യസമര പോരാളികളെ നിന്ദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും എം.പി. മാരായ എളമരം കരീം, എം.കെ. രാഘവന്‍, അടൂര്‍ പ്രകാശ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ബിനോയ് വിശ്വം, ശശിതരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്‍റോ ആന്‍റണി, അബ്ദുള്‍ വഹാബ്, എം.വി. ശ്രേയാംസ്കുമാര്‍, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, തോമസ് ചാഴിക്കാടന്‍, എ.എം. ആരിഫ് എന്നിവരും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ള പ്രാധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Back to top button
error: