തങ്ങളുടെ വാഹനത്തില്‍ സഞ്ചരിക്കുന്നത് മടുപ്പിക്കുന്ന
ഡ്രൈവര്‍ക്കായി പ്രത്യേകം സീറ്റില്ലാത്ത സൂക്‌സ് വാഹനത്തില്‍ എല്ലാവരും യാത്രക്കാരായിരിക്കും. തങ്ങളുടെ വാഹനത്തെ കാര്‍ എന്ന് വിളിക്കരുതെന്ന് പറയുന്ന സൂക്‌സ് സിഇഒ പുതിയൊരു വാഹന സംസ്‌ക്കാരമാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അവകാശപ്പെടുന്നു. ഭാവിയില്‍ ആര്‍ക്കും കാറുകള്‍ വാങ്ങേണ്ടി വരില്ലെന്നാണ് സൂക്‌സ് വിശദീകരിക്കുന്നത്. എപ്പോഴെല്ലാം യാത്രയുടെ ആവശ്യം വരുന്നോ അപ്പോഴെല്ലാം സൂക്‌സ് വാഹനം നിങ്ങള്‍ക്ക് മുന്നിലെത്തിയാല്‍ വേറെ കാറിന്റെ ആവശ്യമെന്താണെന്നാണ് ചോദ്യം. ഇപ്പോള്‍ ഊബറും മറ്റും ചെയ്യുന്ന ടാക്‌സി സേവനത്തിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും സൂക്‌സ് നല്‍കുക.
വേറെ ലെവല്‍ സൂക്‌സ്
ടെസ്‌ല പോലുള്ള ഓട്ടോമേറ്റഡ് ഡ്രൈവിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ് സൂക്‌സ് വാഹനങ്ങള്‍. സാങ്കേതികമായി പറഞ്ഞാല്‍ ടെസ്‌ലക്കും മേലെയാണ് സൂക്‌സ്. ഭാഗികമായല്ല പൂര്‍ണമായും ഓട്ടോമേറ്റഡ് വാഹനമാണിത്. മുന്നോട്ടുള്ള സഞ്ചാരത്തില്‍ പ്രത്യേകിച്ച് മനുഷ്യ ഇടപെടലൊന്നും ഈ വാഹനത്തിന് ആവശ്യമില്ല. എല്ലാം വാഹനത്തിലെ സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ് സംവിധാനം നോക്കിക്കോളും. സ്റ്റിയറിങ് വീല്‍ പോലുമില്ലാത്ത സൂക്‌സ് ഡ്രൈവ് ചെയ്യണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ പോലും അത് സാധ്യവുമല്ല.
ടെസ്‌ല കാറുകള്‍ ലെവല്‍ 2വില്‍വ രുന്ന ഓട്ടോമേറ്റഡ് വാഹനങ്ങളാണ്. ലെവല്‍ 5ലുള്ള വാഹനങ്ങള്‍ പുറത്തിറക്കുകയാണ് വൂക്‌സിന്റെ ലക്ഷ്യം. സമീപഭാവിയില്‍ ലെവല്‍ 3യില്‍ വരുന്ന സ്വയം നിയന്ത്രണ ശേഷിയുള്ള കാറുകള്‍ പുറത്തിറക്കുകയാണ് സൂക്‌സിന്റെ ലക്ഷ്യം. ലാസ് വെഗാസിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും സിയാറ്റിലിലുമെല്ലാം സൂക്‌സിന്റെ ഈ കാറുകള്‍ മനുഷ്യരേയും വഹിച്ചുകൊണ്ട് ടാക്‌സി സര്‍വീസ് നടത്തും.
ചെറു തീവണ്ടി ബോഗിയോടാണ് സൂക്‌സിന് സാമ്യത. രണ്ടു ഡോറുകളുള്ള വാഹനത്തില്‍ രണ്ടു ഭാഗത്തായി മുഖത്തോട് മുഖം നോക്കിയിരിക്കാവുന്ന രീതിയില്‍ ഇരിപ്പിടങ്ങളും ക്രമീകരിച്ചിരിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് സൂക്‌സിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. യാത്രക്കാരുടെ ഇരിപ്പിടങ്ങളുടെ താഴെ തറയിലാണ് വാഹനത്തിന്റെ നിയന്ത്രണമുള്ള കമ്പ്യൂട്ടറിന്റെ സ്ഥാനം. കാറുകളെ പോലെ മുന്നോട്ടേക്ക് ആഞ്ഞിരിക്കുന്ന രൂപകല്‍പനയല്ല ഈ വാഹനത്തിന്. ചതുരാകൃതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ നിയന്ത്രണം നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. LIDAR സെന്‍സറുകള്‍ ഉപയോഗിച്ചാണ് സൂക്‌സ് വാഹനങ്ങള്‍ ചുറ്റുപാടിന്റെ 3 ഡി രൂപം മനസിലാക്കുന്നത്.
ആദ്യം സുരക്ഷ
സുരക്ഷയുടെ കാര്യത്തില്‍ മനുഷ്യര്‍ ഡ്രൈവര്‍മാരായ വാഹനങ്ങളേക്കാള്‍ ഒരുപാട് മുന്നിലായിരിക്കും സൂക്‌സ് വാഹനങ്ങളെന്നും നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. റോഡപകടങ്ങളില്‍ 94 ശതമാനവും മനുഷ്യരുടെ വീഴ്ച്ചകൊണ്ടാണ് സംഭവിക്കുന്നത് എന്നത് തന്നെ യന്ത്രങ്ങളേക്കാള്‍ അപകടകാരികള്‍ മനുഷ്യരാണെന്നതിന്റെ തെളിവാണ്. ഓരോ വളവുകളിലും 270 ഡിഗ്രി വിസ്താരമുള്ള കാഴ്ച്ച സൂക്‌സ് വാഹനങ്ങള്‍ക്ക് നല്‍കാന്‍ ക്യാമറകള്‍ക്ക് സാധിക്കും.
Zoox Fully Autonomous Vehicle
മനുഷ്യന്‍ കണ്ട് തീരുമാനമെടുക്കുന്നതിനേക്കാള്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ സൂക്‌സിന് ചുറ്റുമുള്ള ക്യാമറകള്‍ക്ക് സാധിക്കുകയും ചെയ്യും. കൂടുതലും പൊതുഗതാഗത സംവിധാനമായാണ് സൂക്‌സ് എത്തുകയെങ്കിലും ഭാവിയില്‍ ഇവ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനും പദ്ധതിയുണ്ട്. ഒരു സാധാരണ ഓട്ടോമേറ്റഡ് വാഹന കമ്പനിയല്ല സൂക്‌സ്. അവരുടെ ലക്ഷ്യം കാര്‍ സംസ്‌ക്കാരത്തിന് തന്നെ ഒരു ബദലൊരുക്കുകയാണ്.