തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ഒരുകൂട്ടം യുവാക്കൾ.മടവാക്കര പ്രോഗ്രസീവ് ക്ലബ് അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലമായാണ് പുതിയ പാത ഗതാഗതത്തിനായി ഒരുങ്ങിയത്.
ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടിക്കെതിരെ ജനരോഷം ഉയരുന്നതിനിടയിലാണ് അധികൃതരെ ഞെട്ടിച്ച് ടോൾ പ്ലാസയ്ക്ക് സമാന്തരമായി യുവാക്കൾ ബദൽ പാത തീർത്തത്.ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡാണ് ഇങ്ങനെ ഗതാഗതയോഗ്യമാക്കി യുവാക്കൾ അധികാരികളെ ഞെട്ടിച്ചത്.
മണലി പുഴയുടെ തീരത്ത് കൂടിയുള്ള ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ് മടവാക്കര പ്രോഗ്രസീവ് ക്ലബ് അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമഫലമായാണ് ഇപ്പോൾ ഗതാഗതയോഗ്യമായി തീർന്നിരിക്കുന്നത്.
ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുകയാണെങ്കിൽ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം.ബസുകളും മറ്റു ഹെവി വെഹിക്കിൾസും ഒഴികെ ബാക്കി എല്ലാ വാഹനങ്ങളും ഇതിനകം തന്നെ ഈ റൂട്ടിലൂടെയാണ് യാത്ര ചെയ്യുന്നതെന്നത് ടോൾ ബൂത്തുകാർക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.