പൊന്‍മുടി വിനോദസഞ്ചാരകേന്ദ്രം തുറന്നു, ഇനി മഞ്ഞും മലയും കണ്ട് മനം കുളിർത്ത് മടങ്ങിപ്പോരാം
കല്ലാറും മറ്റ് അരുവികളും പകരുന്ന നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് നമ്മെ വാരിപ്പുണരുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ ചാരുത. പൊൻമുടിയുടെ നെറുകയിലെത്തണമെങ്കിൽ 22 ഹെയർ പിൻ വളവുകൾ കടന്നു ചെല്ലണം. വഴിയിലുടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും നിറഞ്ഞ കാഴ്ചകളുടെ ഘോഷയാത്രയാണ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്
കൊവിഡ് ഭീതിയും മോശം കാലാവസ്ഥയും മൂലം അടച്ചിട്ട പൊന്‍മുടി വിനോദസഞ്ചാരകേന്ദ്രം ഇന്ന് തുറന്നു. ജില്ലാ വികസന സമിതി യോഗത്തിലാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്.
നോക്കെത്താദൂരത്തോളം പുൽമേടുകൾ. തണുത്ത കാറ്റ്. മുന്നിലൂടെയും പിന്നിലൂടെയും വന്നു കണ്ണുപൊത്തുന്ന കോടമഞ്ഞ്. അതിനൊപ്പം നനുത്ത മഴ കൂടി പെയ്താലോ…? തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഒരുക്കുന്നത് അനുഭൂതിദായകമായ അനുഭവങ്ങളാണ്.
കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണം. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ കാഴ്ചകളുടെ ഘോഷയാത്രയാണ്. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പൊന്മുടി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്. ഏതു സഞ്ചാരിയുടെയും സ്വപ്ന ഭൂമികയാണ് പൊന്മുടി.
സീതാതീര്‍ത്ഥത്തിലേയ്ക്കും വരയാട്ടുമൊട്ടയിലേയ്ക്കും രണ്ട് ട്രക്കിംഗ് പാക്കേജുകളും ഇവിടെയുണ്ട്. ആനപ്പാറ, കല്ലാര്‍ ചെക്പോസ്റ്റുകളില്‍ സന്ദര്‍ശകരെയും വാഹനങ്ങളെയും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കും.
കല്ലാര്‍ ചെക്പോസ്റ്റില്‍ ‘ബ്രേക്ക് ദി ചെയ്ന്‍’ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാനിറ്ററൈസേഷന്‍ നടത്തിയശേഷമാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുക.
അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവല്‍ ഏര്‍പ്പെടുക്കാന്‍ തീരുമാനിച്ചിട്ടണ്ട്.11, 12 ഹെയര്‍പിന്‍ വളവുകളില്‍ റോഡിന്റെ ഒരു ഭാഗത്ത് വിള്ളല്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിരോധിച്ചിരുന്നത്.
റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാത്തതിനാൽ ക്രിസ്മസ്-പുതുവത്സര സീസണിലും പൊന്മുടി തുറക്കുന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു. വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സ്ഥലം എം.എൽ.എ വിനോദ സഞ്ചാര, വനം വകുപ്പ് വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ തീരുമാനമാകുന്നത്. അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ചെക്പോസ്റ്റില്‍ സന്ദര്‍ശകര്‍ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ഉപയോഗിച്ച ശേഷം കടത്തിവിടും. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.