ശരീര സംരക്ഷണത്തിൽ നാം ഏറ്റവും കുറവ് ശ്രദ്ധ നൽകുന്നത് പാദങ്ങൾക്ക് ആയിരിക്കും.ഇത് പല പ്രശ്നങ്ങൾക്കും ഇടവരുത്താം. ബാക്ടീരിയ, ഫംഗസ് സംക്രമണം, കാൽപാദത്തിലെ തൊലിയിൽ ചൊറി, ദുർഗന്ധം, വളംകടി, ഉപ്പൂറ്റി വീണ്ടുകീറൽ.. എന്നിങ്ങനെ പല പ്രശ്നങ്ങൾ ഇതേതുടർന്ന് ഉണ്ടാവാം.
വളരെയധികം സംവേദന ക്ഷമതയുള്ളവയാണ് പാദത്തിന്‍റെ ചർമ്മങ്ങൾ.അതിനാൽ ബാക്ടീരിയൽ, ഫംഗൽ ബാധ വേഗത്തിൽ പിടിപ്പെടുന്നു. ദിവസത്തിൽ അധിക സമയവും ഷൂസും സോക്സും ഇട്ടിരിക്കുകയാണെങ്കിൽ പോലും ബാക്‌ടീരിയയുടെ ആക്രമണം ഉണ്ടാവും.പാദം ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ ബാക്‌ടീരികളുടെ സംക്രമണം വർദ്ധിക്കുന്നു. അതിനാൽ ദിവസത്തിൽ ഒരു നേരമെങ്കിലും പാദങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
അത്‍ലറ്റിക് ഫുട്ട്- പാദങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു ഫംഗൽ പ്രശ്നമാണ്. ചൊറിച്ചിൽ, നീറ്റൽ, വീണ്ടുകീറൽ എന്നിവ കൂടാതെ തൊലി ഇളകി പോകുന്നതും ഇവിടെ സാധാരണമാണ്. അത്‍ലറ്റിക് ഫൂട്ട് പോലെയുള്ള ഫംഗൽ ബാധ അകറ്റാനായി പാദങ്ങൾ എപ്പോഴും ഈർപ്പരഹിതമായി നിലനിർത്തണം. അതിനാൽ പാദം കഴുകിയ ശേഷം നന്നായി തുടയ്ക്കണം. പ്രത്യേകിച്ചും വിരലുകൾക്കിടയിലുള്ള ഭാഗം.അതേപോലെ ഉണങ്ങിയ ശേഷം മാത്രമേ ചെരിപ്പ് ധരിക്കാവൂ.നന്നായി വിയർക്കുന്നവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.
മുഖത്ത് എപ്പോഴും മോയ്സ്ച്യുറൈസർ ചെയ്യാൻ ശ്രമിക്കുന്നവരാണ് നമ്മൾ.മുഖത്ത് മാത്രം മോയ്സ്ച്യുറൈസർ പുരട്ടിയാൽ പോരാ. പാദങ്ങൾക്കും ഈർപ്പം ആവശ്യമാണ്. ഈർപ്പം നഷ്‌ടപ്പെടുമ്പോൾ കാൽപാദങ്ങൾ വരളാനിടയാവും.ഇത് വിണ്ടുകീറുന്നതിന് കാരണമാകുന്നു. സ്കിൻ ഡ്രൈയാവാനും ഈർപ്പനഷ്ടം ഇടയാക്കുന്നു.ചർമ്മം വരണ്ട് പൊട്ടുമ്പോൾ പാദങ്ങളുടെ സൗന്ദര്യം നഷ്‌ടപ്പെടും.വേദനയും ഉണ്ടാവും. അതിനാൽ കുളി കഴിഞ്ഞ ശേഷം പാദങ്ങൾ വൃത്തിയായി ഉണക്കിയ ശേഷം മോയ്സ്ച്യുറൈസർ പുരട്ടണം. കോക്കോ ബട്ടർ, പെട്രോളിയം ജെല്ലി എന്നിവ ഇതിന് നല്ലതാണ്.
മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും പാദങ്ങൾ 10-15 മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കി വയ്ക്കാം. പാദചർമ്മം മൃദുവാക്കാൻ ഇത് സഹായിക്കും. ശേഷം നന്നായി തുടച്ച് വൃത്തിയാക്കി വിറ്റാമിൻ ഇ അടങ്ങിയ കോൾഡ് ക്രീം പുരട്ടണം. സവേദനക്ഷമത കൂടുതലുള്ള ചർമ്മമാണെങ്കിൽ ആന്‍റി ബാക്ടീരിയൽ ക്രീം ഉപയോഗിക്കാം.
കംഫർട്ടബിളായ ചെരുപ്പുകളും ഷൂസും മാത്രം അണിയാൻ എപ്പോഴും ശ്രദ്ധിക്കണം. മഴക്കാലത്ത് ലെതർ ഷൂസും ചെരുപ്പും പാടില്ല. നല്ല ക്വാളിറ്റിയുള്ള റബർ, വാട്ടർ പ്രൂഫ് മെറ്റീരിയലിൽ ഉള്ളവ വാങ്ങാം. ഗുണനിലവാരം കുറഞ്ഞ പാദരക്ഷകൾ ചർമ്മത്തെ ബാധിക്കും, അലർജി ഉണ്ടാകും.എപ്പോഴും കൃത്യമായ സൈസിലുള്ളത് മാത്രം തെരഞ്ഞെടുക്കുക.ഹൈ ഹീൽ ഉള്ളവ ഒഴിവാക്കാം.