എരുമേലി: എരുമേലിയുടെ മതമൈത്രി വിളിച്ചോതുന്ന പ്രസിദ്ധമായ ചന്ദനക്കുടം ഉത്സവത്തിന് ഇന്ന് കൊടിയേറും.അടുത്തമാസം പത്തിന് നടക്കുന്ന ചന്ദനക്കുട ആഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ഇന്ന് വൈകുന്നേരം ആറിനാണ് ചന്ദനക്കുട ആഘോഷങ്ങൾക്ക് തുടക്കമായി കൊടിയേറ്റ് നടക്കുക. നൈനാർ ജുമാ മസ്ജിദിൽ നടക്കുന്ന കൊടിയേറ്റ് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് നിർവഹിക്കും. ഭാരവാഹികൾ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സെക്രട്ടറി സി എ എം കരീമിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോവിഡ്, ഒമിക്രോൺ മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കിയിട്ടുള്ളത്.
എരുമേലിയെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച അമ്പലപ്പുഴ – ആലങ്ങാട്ട് പേട്ടതുള്ളലിനും തലേ ദിവസം രാത്രിയിൽ അരങ്ങേറുന്ന ചന്ദനക്കുടം ആഘോഷത്തിനും ഇനി പത്ത് ദിവസം മാത്രം. ചന്ദനക്കുട ആഘോഷം പത്തിനും പേട്ടതുള്ളൽ പിറ്റേന്നുമാണ്. ശ്രീ അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ച ഐതിഹ്യത്തിന്റെ സ്മരണയാണ് പേട്ടതുള്ളൽ.ശ്രീ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആചാരങ്ങളോടെ ആദ്യം പേട്ടതുള്ളൽ നിർവഹിക്കും. പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം തുടർന്ന് പേട്ടതുള്ളൽ നിർവഹിക്കും. ഇതിന്റെ ഐക്യദാർഢ്യമായാണ് തലേദിവസം രാത്രിയിൽ ചന്ദനക്കുട ആഘോഷം നടക്കുക. മുസ്ലിം ജമാഅത്ത് കമ്മറ്റി നേതൃത്വം നൽകി നടത്തുന്ന ചന്ദനക്കുട ആഘോഷം അയ്യപ്പഭക്തരോട് മുസ്ലിം ജമാഅത്ത് നൽകുന്ന പ്രത്യാഭിവാദനം കൂടിയാണ്.