MovieNEWS

‘ആടുജീവിതം’ പുനരാരംഭിക്കുന്നു; ബ്ലെസിയും സംഘവും ഫെബ്രുവരി 15 ന് അല്‍ജീരിയയിലേയ്ക്ക്

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ നാലാം ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 15 ന് സംവിധായകന്‍ ബ്ലെസിയും ക്യാമറാമാന്‍ സുനിലും കലാസംവിധായകന്‍ പ്രശാന്ത് മാധവും അല്‍ജീരിയയിലേയ്ക്ക് പുറപ്പെടും. ലൊക്കേഷന്‍ തിരഞ്ഞ് കണ്ടുപിടിക്കുകയാണ് പ്രധാന ദൗത്യം. തുടര്‍ന്ന് ജോര്‍ദ്ദാനിലേയ്ക്ക് വരും. ജോര്‍ദ്ദാനില്‍ മുമ്പ് ഷൂട്ട് ചെയ്ത സെറ്റ് ഇപ്പോഴും സൂക്ഷിക്കപ്പെടുന്നുണ്ട്. അതിനായി പ്രത്യേക സെക്യൂരിറ്റികളെയും ചുമതലപ്പെടുത്തിയിരുന്നു. അവിടെത്തന്നെയാണ് തുടര്‍ന്നുള്ള ഭാഗങ്ങളും ഷൂട്ട് ചെയ്യുന്നത്.

ഫെബ്രുവരി അവസാനത്തോടെ സിനിമാ ക്രൂസ് മുഴുവനും ജോര്‍ദ്ദാനിലേയ്ക്ക് തിരിക്കും. മാര്‍ച്ച് ആദ്യം ഷൂട്ടിംഗ് തുടങ്ങും. അപ്പോഴേയ്ക്കും പൃഥ്വിരാജും ജോയിന്‍ ചെയ്യും. തുടര്‍ന്ന് ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 90 ദിവസത്തെ വര്‍ക്കുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.

Signature-ad

ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ഏറ്റവും കഠിനമായ ജീവിത കാലഘട്ടങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഇതിനുവേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പൃഥ്വിയും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കടുവയുടെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വി. ജനുവരി പകുതിയോടെ കടുവയുടെ ചിത്രീകരണം പൂര്‍ത്തിയാകും. കടുവയ്ക്കുശേഷം മറ്റ് പ്രൊജക്ടുകളൊന്നും പൃഥ്വി കമ്മിറ്റ് ചെയ്തിട്ടില്ല. കമ്മിറ്റ് ചെയ്തിരുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍നിന്ന് പൃഥ്വിരാജ് പിന്മാറാനുള്ള കാരണവും ആടുജീവിതമാണ്. ആടുജീവിതത്തിലേയ്ക്ക് ശാരീരികമായും മാനസികമായും കടക്കാനുള്ള ദിനങ്ങളാണ് ഇനി പൃഥ്വിക്ക് മുന്നിലുള്ളത്.

Back to top button
error: