TRENDING

സത്യത്തിന്റെ കാലം കഴിയുക ആണെന്ന് തോന്നുന്നു :മുരളി തുമ്മാരുകുടി

നുണപ്രചാരണങ്ങളെ പൊളിച്ചടുക്കി ഒരു പോസ്റ്റ്‌. സത്യാനന്തര ലോകത്തെ കുറിച്ചാണ് മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്‌ –

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്‌ –

Signature-ad

സത്യാനന്തര ലോകം

ചാനലുകളിൽ വന്നിരുന്നു നുണ പറയുന്നത് ഇപ്പോൾ ഒരു സംഭവമല്ലാതായിക്കുകയാണ്. പത്രങ്ങൾ പറയുന്നത് പോലെ “അത്രേ”യും “ഇത്രേ”യും ഒന്നുമില്ല, നേരിട്ട് നുണപറയുകയാണ്. ഒരിക്കൽ തങ്ങൾ പറഞ്ഞ കാര്യം നുണയാണെന്ന് കണ്ടാൽ ഒരുളുപ്പുമില്ലാതെ അത് ആവർത്തിക്കുന്നവരും വീഡിയോയിൽ പകർത്തിയിട്ടുണ്ടെങ്കിൽ പോലും തങ്ങൾ അങ്ങനെ പറഞ്ഞില്ല എന്ന് പറയുന്നവരും ഒക്കെയുണ്ട്.

ഇതൊക്കെ സ്ഥിരമായി കണ്ട് നമുക്കിപ്പോൾ അതൊരു ശീലമായി. “ഈ നുണയൻ പറയുന്നതൊന്നും ഞാൻ ഇനി വിശ്വസിക്കില്ല എന്ന് മാത്രമല്ല കേൾക്കുക പോലുമില്ല” എന്നൊന്നും നാം തീരുമാനിക്കാറില്ല.

നിർഭാഗ്യവശാൽ ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നമ്മൾ സത്യത്തിന് പുതിയ നിർവ്വചനങ്ങൾ ഉണ്ടാക്കുകയാണ്.

സത്യാനന്തരം എന്നൊരു വാക്ക് ഇപ്പോൾ ഇംഗ്ളീഷിൽ ഉണ്ട് (Post truth).
വസ്തുതകൾക്കും ലോജിക്കിനും അപ്പുറം വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും അടിപ്പെട്ട് പൊതുബോധം രൂപപ്പെടുത്തുന്നതിനെ ആണ് പോസ്റ്റ് ട്രൂത്ത് എന്ന് പറയുന്നത്.

(post-truth relating to or denoting circumstances in which objective facts are less influential in shaping public opinion than appeals to emotion and personal belief.).

സത്യാനന്തര കാലത്ത് നുണക്ക് വ്യാപകമായ സാദ്ധ്യതകൾ ഉണ്ട്. കാര്യം വിശ്വാസത്തിനും വികാരത്തിനും അടിപ്പെട്ടാണ് പൊതുബോധം രൂപപ്പെടുന്നതെങ്കിലും അത് “വസ്തുതകളെ” ആധാരമാക്കി എന്ന് പറയാനാണ് ആളുകൾക്ക് ഇഷ്ടം.

അവിടെയാണ് പുതിയതായി പ്രചാരം വരുന്ന “alternative facts” എന്ന വാക്ക് വരുന്നത്.

Alternative facts have been called many things: falsehoods, untruths, delusions. A fact is something that actually exists—what we would call “reality” or “truth.” An alternative is one of the choices in a set of given options; typically the options are opposites of each other. So to talk about alternative facts is to talk about the opposite of reality (which is delusion), or the opposite of truth (which is untruth)

അതായത് നമുക്ക് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് അനുകൂലമായി നാം തന്നെ ഉണ്ടാക്കിയെടുക്കുന്ന വസ്തുതകൾ, അതിന് പണ്ടൊക്കെ നുണയെന്ന് പറയുമായിരുന്നു. പക്ഷെ സത്യാനന്തര ലോകത്ത് ഇതിന് കൂടുതൽ മാന്യത കൈവന്നിട്ടുണ്ട്. പതിവ് പോലെ ഇതിന് മലയാളത്തിൽ വാക്കൊന്നുമില്ലാത്തതിനാൽ ഞാൻ “സമാന്തര വസ്തുത” എന്ന് വിളിക്കാം.

ഒരു സമൂഹം മൊത്തം വികാരത്തിൻ്റെ പേരിൽ (രാഷ്ട്രീയം, മതം, ജാതി, വർഗ്ഗം, വർണ്ണം) രണ്ടു തീവ്ര ധ്രുവങ്ങളിലേക്ക് നീങ്ങുമ്പോൾ ഇത്തരം “സമാന്തര വസ്തുതകൾക്ക്” വലിയ ഉപയോഗം ഉണ്ട്.

അതുണ്ടാക്കാൻ തന്നെ ഫാക്ടറികൾ ഉണ്ടാകും, അവ പ്രചരിപ്പിക്കാൻ ആളുകളും അവരെ പ്രോജക്ട് ചെയ്യാൻ മാധ്യമങ്ങളും ഉണ്ടാകും. സത്യം പാന്റ് ഇട്ടു കഴിയുമ്പോഴേക്കും നുണ പകുതി ലോകം സഞ്ചരിച്ചിരിക്കും എന്ന ചൊല്ല് സമാന്തര വസ്തുതകൾക്കും ബാധകമാണ്. സമാന്തര വസ്തുതകൾ ഇറങ്ങി ചെല്ലുന്നത് സത്യാനന്തര ലോകത്ത് സ്വന്തം (അന്ധ) വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കാനും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാനും പകർന്നു നൽകാനും വെമ്പി നിൽക്കുന്ന ഒരു സമൂഹത്തിലേക്കാണ്, അത് വൈറൽ ആകുന്നതിൽ അതിശയമില്ല.

സത്യാനന്തര ലോകത്ത് സമാന്തര സത്യങ്ങളെ പിടിച്ചു കെട്ടാനും തുറന്നുകാട്ടാനും ഒക്കെ ആളുകൾ ശ്രമിക്കുന്നുണ്ട്. ഓരോ നേതാക്കളും പറയുന്ന കാര്യങ്ങളിൽ എത്ര സത്യമുണ്ട്, എത്ര സമയത്ത് സത്യം വളച്ചൊടിക്കുന്നുണ്ട്, എത്ര പച്ചക്കള്ളങ്ങൾ ഉണ്ട് എന്നൊക്കെ ഗവേഷണം ചെയ്തു പൊതുജന സമക്ഷം വക്കുന്ന “truth-o-meter” വെബ്‌സൈറ്റുകൾ ലഭ്യമാണ്. പക്ഷെ സമാന്തര സത്യങ്ങൾക്ക് കിട്ടുന്നതിന്റെ നൂറിലൊന്ന് വായനക്കാർ ഇവർക്ക് ഇല്ല. കേരളത്തിൽ തന്നെ കപടവൈദ്യശാസ്ത്രവും ആയി വരുന്ന പോസ്റ്റുകൾക്ക് ഉള്ളതിന്റെ നൂറിലൊന്ന് പ്രചാരം ശാസ്ത്രീയ സത്യങ്ങൾക്ക് കിട്ടാറില്ലല്ലോ.

ലോകം കൂടുതൽ കൂടുതൽ ധ്രുവീകരിക്കയാണ്. സത്യാനന്തര ലോകത്ത് എന്താണ് വസ്തുത, എന്താണ് സാമന്തരാവസ്തുത എന്ന് അറിയാൻ പോലും ആളുകൾക്ക് താല്പര്യമില്ല. നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും അനുകൂലമായ എന്ത് കേട്ടാലും അത് നമുക്ക് വസ്തുതയാണ്. ഇങ്ങനെ ചിന്തിക്കുന്നവരെ വസ്തുതകൾ പറഞ്ഞു മനസിലാക്കുക എന്നത് ഇനി സാധ്യമാണെന്ന് തോന്നുന്നില്ല.

സത്യത്തിന്റെ കാലം കഴിയുകയാണെന്ന് തോന്നുന്നു.

മുരളി തുമ്മാരുകുടി

Back to top button
error: