കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ അതിഥി തൊഴിലാളികളുടെ ആക്രമണത്തിൽ പോലീസിന് തുണയായത് നാട്ടുകാർ.ശക്തമായ കല്ലേറിൽ നാട്ടുകാർ നൽകിയ ഹെൽമറ്റുകളും പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാൽ നാട്ടുകാർ നൽകിയ ടോർച്ചുകളുമായിരുന്നു പോലീസിന് കൈത്താങ്ങായത്.
അക്രമം പ്രതീക്ഷിക്കാതെയെത്തിയതിനാൽ ഷീൽഡും ഹെൽമറ്റും ഫൈബർ ലാത്തിയുമുൾപ്പെടെ സംഘർഷം നേരിടാനുള്ള സാമഗ്രികളൊന്നും പൊലീസിന്റെ കയ്യിലുണ്ടായിരുന്നില്ല. കല്ലുകൾ ചീറിയെത്തിയതോടെ പകച്ച പൊലീസിനു നാട്ടുകാർ ഹെൽമറ്റ് നൽകിയതോടെയാണ് അപകടം ഒഴിവാക്കാനായത്. തലയ്ക്കുള്ള ഏറിൽനിന്ന് ഒരു പരിധിവരെ സാധാരണ ഹെൽമറ്റുകൾ രക്ഷയൊരുക്കി.അക്രമം നടക്കുന്നതു ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാരെയും അവർ വെറുതെവിട്ടില്ല. നാട്ടുകാർക്കും വീടുകൾക്കും നേരെ കല്ലേറുണ്ടായി. നാട്ടുകാരുടെ മൊബൈൽ ഫോണുകൾ നശിപ്പിക്കുകയും ചെയ്തു. പൊലീസുകാരെ ആക്രമിക്കുന്നതു കണ്ട നാട്ടുകാരൻ വിളിച്ചറിയിച്ചതോടെയാണു സംഭവത്തിന്റെ ഗൗരവം കൺട്രോൾ റൂമിലുള്ളവർക്കും മനസ്സിലായത്. ഇതോടെ സമീപ സ്റ്റേഷനുകളിലേക്കു വയർലെസ് സന്ദേശങ്ങൾ പാഞ്ഞു. കൂടുതൽ വാഹനങ്ങളും പൊലീസുകാരും സംഘർഷ സ്ഥലത്തേക്കു പാഞ്ഞെത്തുകയായിരുന്നു.
എന്നാൽ, ഇവർക്കും നിയന്ത്രണ വിധേയരാക്കാൻ കഴിയാത്തവിധം അഴിഞ്ഞാടുകയായിരുന്നു തൊഴിലാളികൾ. ഇവരിലേറെയും ലഹരിയിലുമായിരുന്നു. സംഭവം കൈവിട്ടു പോയെന്നു തിരിച്ചറിഞ്ഞതോടെ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാർ വൈകാതെ രംഗത്തിറങ്ങി. മറുഭാഗത്തു തൊഴിലാളികളും റോഡിൽ സംഘടിച്ചു നിന്നതിനാൽ ആദ്യം പൊലീസുകാർ നടപടിയിലേക്കു കടന്നില്ല. പുലർച്ചെ 5ന് ക്യാംപിൽനിന്നുള്ള കൂടുതൽ പൊലീസുകാർ രംഗത്തെത്തി. തുടർന്നു പൊലീസുകാർ അക്രമികളോടു കീഴടങ്ങാനാവശ്യപ്പെട്ടു.എന്നാൽ, ഇതിനു വഴങ്ങാതെ ക്വാർട്ടേഴ്സുകളിലേക്കു പിൻവാങ്ങുകയായിരുന്നു തൊഴിലാളികൾ. പിന്നാലെ, തൊഴിലാളി ക്യാംപിലേക്കു കടന്നുകയറി പൊലീസിന്റെ ‘ആക്‌ഷൻ’ ആരംഭിച്ചു. പൊലീസിനു നേരെ വീണ്ടും അക്രമത്തിനു തുനിഞ്ഞവർക്കു പൊതിരെ കിട്ടിയതോടെ തൊഴിലാളികൾ പ്രതിരോധത്തിലായി. ചിലർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ മുറികൾക്കുള്ളിൽനിന്നു പൊലീസുകാർ പിടികൂടി വാഹനങ്ങളിലേക്കു മാറ്റി. തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ആയുധങ്ങളോ ലഹരിവസ്തുക്കളോ ഉണ്ടോയെന്നറിയാൻ പൊലീസ് പരിശോധനയും നടത്തി. പാതിരാത്രി ആരംഭിച്ച അക്രമം ആറു മണിക്കൂറിനു ശേഷമാണ് അടിച്ചമർത്താൻ പൊലീസിനായത്.