ഇലവർഗങ്ങളിൽ ഏറ്റവുമധികം പോഷകങ്ങൾ ഉള്ള ഒന്നാണ് ചീര.ജീവകം-എ, ജീവകം-സി, ജീവകം-കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല സ്രോതസ്സാണ് ചീര.
നമ്മുടെ നാട്ടിൽ വിവിധയിനം ചീരകൾ കാണപ്പെടാറുണ്ട്. പെരുഞ്ചീര, മുള്ളൻചീര, ചെഞ്ചീര, ചെറുചീര, നീർച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ചീര) എന്നിവയാണ് അവയിൽ ചിലത്.ഇതിൽ ചുവന്ന ചീരയാണ് ഏറ്റവും നല്ലത്.
നാടൻ വിളവുകളുടെ നിറം എത്ര കടുത്തതാണോ, അത് ആരോഗ്യത്തിന് അത്രയുംതന്നെ മെച്ചമുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നതിന് പിന്നിൽ വ്യക്തമായ ചില വസ്തുതകൾ ഉണ്ട്. ആരോഗ്യ ആനുകൂല്യങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ‘ചുവന്നചീര’ ആ ചാർട്ടിൽ ഒന്നാമതാണ്. വിറ്റാമിൻ-സി, മറ്റ് പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകൾ എന്നിവ വളരെയധികം അടങ്ങിയിട്ടുള്ള ചുവന്നചീരയ്ക്ക് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ കഴിയും. ‘അമരാന്തേഷ്യ’ എന്ന വർഗത്തിൽ ഉൾപ്പെടുന്ന ചീര വിളർച്ച അകറ്റാനുള്ള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചുവന്നചീരയിൽ ധാരാളം വിറ്റാമിൻ-സി ഉണ്ട്. ഇത് നല്ല കാഴ്ചനൽകാനും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും സഹായിക്കും. കൂടാതെ ഒപ്റ്റിക് ഞരമ്പുകളെ ശക്തിപ്പെടുത്താനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രായംകൂടുമ്പോൾ ഉണ്ടാകുന്ന, കാഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തടയുന്നതിനായി ചുവന്നചീരയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ വളരെ സഹായിക്കും.
ചീരയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചീര ശരിയായ ദഹനത്തിന് സഹായിക്കുന്നതു കൂടാതെ വൻകുടൽ കാൻസർ, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും ഉപയോഗപ്രദമാണ്.
ചുവന്നചീരയിൽ അമിനോ ആസിഡ്, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ-ഇ, പൊട്ടാസ്യം, വിറ്റാമിൻ-സി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ ഇല്ലാതാക്കുന്നു. ഇവയിലെ ആന്റി ഓക്സിഡന്റുകളും കാൻസർ വരുന്നത് തടയുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു.
ചെറുപ്പക്കാരിൽ വരെ ഇന്ന് അകാലനര കാണപ്പെടാറുണ്ട്. ചുവന്നചീരയിൽ അടങ്ങിയിട്ടുള്ള അയൺ, മാംഗനീസ്, കാത്സ്യം, മറ്റ് പ്രധാന ധാതുക്കൾ എന്നിവ മുടിയിലെ ‘മെലാനിൻ’ മെച്ചപ്പെടുത്തുകയും അകാലനരയെ തടയുകയും ചെയ്യുന്നു. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഇത്രയും പറഞ്ഞത് നമ്മുടെ സ്വന്തം കൃഷിയിടത്തിലെ ചീരയേപ്പറ്റിയാണ്.ചീരയിൽ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായി മിക്കവാറും കൃഷിയിടങ്ങളിൽ ‘കീടനാശിനി’ തളിക്കുക സാധാരണമാണ്. അതിനാൽ മാർക്കറ്റുകളിൽനിന്ന് വാങ്ങുന്ന ചീരയിൽ കീടനാശിനികളുടെ അംശം കാണാനുള്ള സാധ്യത കൂടുതലാണ്. അതിനാൽത്തന്നെ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.വെള്ളവും മഞ്ഞളും ഉപയോഗിച്ച് ഒന്നിലധികം തവണ കഴുകുന്നത് നല്ലതാണ്.