സാന്റിയാഗോ: ചിലെയുടെ പുതിയ പ്രസിഡന്റായി മുന്‍ വിദ്യാര്‍ത്ഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ ഗബ്രിയേല്‍ ബോറിക് (35) തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55.87% വോട്ടുകള്‍ നേടിയാണ് ഗബ്രിയേല്‍ ബോറിക്കിന്റെ വിജയം. ജനാധിപത്യ വ്യവസ്ഥിതിയിലേക്കു തിരിച്ചെത്തിയ 1990നു ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ബോറിക്. മുഖ്യഎതിരാളിയും വലതുപക്ഷ നിലപാടുകാരനുമായ ജോസ് ആന്റോണിയോ കാസ്റ്റിന് 44.13% വോട്ടുകള്‍ ലഭിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 11ന് ബോറിക്, ചിലെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.
പത്തുവര്‍ഷം മുന്‍പ്, ചിലെയില്‍ വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് ആയിക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാവാണ് ഗബ്രിയേല്‍ ബോറിക്. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, വിദ്യാര്‍ഥികളുടെ കടം എഴുതിത്തള്ളുക, അതിസമ്പന്നര്‍ക്കുള്ള നികുതി വര്‍ധിപ്പിക്കല്‍, സ്വകാര്യ പെന്ഷന് സമ്പ്രദായം പുനഃപരിശോധിക്കല്‍ തുടങ്ങിയവയായിരുന്നു ബോറിക്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍.