NEWS

കൊല്ലത്തുനിന്ന് കന്യാകുമാരിയിലേക്ക് ഒരു കപ്പൽ യാത്ര

കടലും കായലും തഴുകി ഉറക്കുന്ന കൊല്ലത്തു നിന്നാണ് യാത്ര ആരംഭിക്കുക. പരവൂർ, വർക്കല, കോവളം, ശുചീന്ദ്രം, നാഗർകോവിൽ എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ ചുറ്റി കാഴ്‌ചകളുടെ മായാലോകം ഒരുക്കുന്ന കന്യാകുമാരിയിൽ യാത്ര പര്യവസാനിക്കുന്നു. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് അനുഭൂതി ദായകമായ അനുഭവമായിരിക്കും ഇത്

മിനി ആഡംബരക്കപ്പലിൽ കന്യാകുമാരി കൊല്ലം യാത്രയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു.
കേരളവും തമിഴ്‌നാടും കപ്പൽയാത്ര സംബന്ധിച്ച്‌ ഉന്നതതല ചർച്ചകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഉടനെ താൽപ്പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ്‌ മാരിടൈം ബോർഡ്‌.

Signature-ad

കൊല്ലത്തു നിന്നു വി‍ഴിഞ്ഞം വഴി കന്യാകുമാരിയിലേക്കാണ് ഒരു ക്രൂയിസ് കപ്പൽ സർവീസ്. രണ്ടാമത്തെ ക്രൂയിസ് കപ്പൽ കൊല്ലവും പരിസരവും കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. കായലുകളോടു കൂടി ബന്ധിപ്പിച്ച് സർവീസ് നടത്താനാണ് ലക്ഷ്യം. ചെറിയ ആഡംബര കപ്പലാണ് ഇതിനു വിനിയോഗിക്കുന്നത്.

പൗരാണിക വാണിജ്യനഗരമായ കൊല്ലം, ലോക ടൂറിസം ഭൂപടത്തിന്റെ തൊടുകുറിയായ കോവളം, കാഴ്‌ചകളുടെ മായാലോകം ഒരുക്കുന്ന കന്യാകുമാരി എന്നിവയെ തൊട്ടുരുമ്മിയുള്ള യാത്രയ്‌ക്ക്‌ എത്തുന്നവർക്ക്‌ തുറമുഖങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഇതിനായി വിഴിഞ്ഞത്തും കൊല്ലത്തും പ്രാരംഭ നടപടികൾ ഉടൻ തുടങ്ങും.

കന്യാകുമാരിയിൽ എത്തുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക്‌ ആകർഷിക്കുകയാണ്‌ ഒരു ലക്ഷ്യം. കടൽ പ്രക്ഷുബ്‌ധ‌മാകുന്ന മൺസൂണിൽ വിനോദസഞ്ചാരികളുടെ വരവ്‌ കുറവായതിനാൽ സീസണിൽ മാത്രമാകും സർവീസ്‌.
സാധാരണ യാത്രക്കാരെയും ആകർഷിക്കുന്നതാകും സർവീസ്‌.

മത്സ്യമേഖലയ്‌ക്കോ മീൻപിടിത്തത്തിനോ ബുദ്ധിമുട്ട്‌ ഉണ്ടാകാത്തവിധം കപ്പൽ പാതയിലൂടെയാകും സർവീസ്‌. ഇതിന്റെ സാധ്യത സംബന്ധിച്ച വിശദപഠനം ഉടൻ തുടങ്ങും. റിപ്പോർട്ട്‌ അനുകൂലമാണെങ്കിൽ സർവീസ്‌ ആലപ്പുഴ വരെ നീട്ടാനും ആലോചനയുണ്ട്‌.

കൊല്ലത്തുനിന്ന്‌ കൂടുതൽ കപ്പൽ സർവീസ്‌ നടത്താൻ താൽപ്പര്യമുള്ളർക്ക്‌ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബോർഡ്‌. കൊല്ലത്തുള്ള ഒരു സ്ഥാപനം സന്നദ്ധത അറിയിച്ചിട്ടുണ്ട്

മാരിടൈം ബോർഡിനാണ്‌ സർവീസിന്റെ മേൽനോട്ടം. കൊല്ലത്തുനിന്ന്‌ കന്യാകുമാരിയിലേക്ക്‌ 85 നോട്ടിക്കൽ മൈൽ (160 കിലോമീറ്റർ) ദൂരമുണ്ട്‌. ഏഴുമണിക്കൂറിൽ ഈ ദൂരം താണ്ടാനാകും. കന്യാകുമാരിയിൽനിന്ന്‌ ആരംഭിക്കുന്ന സർവീസിന്റെ തിരുവനന്തപുരത്തെ ബോർഡിങ്‌ പോയിന്റ്‌ കോവളവും വർക്കലയുമായിരിക്കും. പരവൂർ, വർക്കല, കോവളം, ശുചീന്ദ്രം, നാഗർകോവിൽ തുടങ്ങി തീർത്ഥാടന ടൂറിസം കേന്ദ്രങ്ങൾ കടന്നുപോകുന്ന യാത്ര ഒരേസമയം കടൽ കരക്കാഴ്‌ചകളുടെ വിസ്‌മയം പകരും.

കൊല്ലത്തിന്റെ ടൂറിസം ജലഗതാഗത വികസനത്തിനൊപ്പം വ്യാപാര പ്രാദേശികമേഖലയ്‌ക്കും വൻ സാധ്യതകളാകും സർവീസ്‌ തുറന്നിടുകയെന്ന്‌ മാരിടൈം ബോർഡ്‌ ചെയർമാൻ വി ജെ.മാത്യു പറഞ്ഞു.

Back to top button
error: