തന്റെ സിനിമകള്ക്കേറെയും വൈകിമാത്രം പേര് നല്‍കിയിരുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്. ഇക്കുറിയും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ഷൂട്ടിംഗ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, സ്വന്തം ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ്, മകള്‍.
കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഒരു സംവിധായകനേ അന്നും ഇന്നും മലയാളസിനിമയ്ക്കുള്ളൂ. അത് സത്യന് അന്തിക്കാടാണ്. അദ്ദേഹം പറഞ്ഞത് മുഴുവനും കുടുംബ പശ്ചാത്തലത്തിലുള്ള കഥകളായിരുന്നു. വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും അദ്ദേഹം തന്റെ ട്രാക്ക് മാറാന്‍ തയ്യാറായിട്ടില്ല. ഒരേ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ആ വഴി ഏറ്റവും പുതുമയുള്ളതായിരിക്കാന് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ടൈറ്റിലുകളും അതെ. അത് കഥയോട് ഏറ്റവും ചേര്ന്നുനില്ക്കുന്നവയായിരുന്നു.
ജയറാമും മീരാജാസ്മിനും ദേവികാസഞ്ജയുമാണ് സത്യന് ചിത്രത്തിലെ പ്രധാന താരനിരക്കാര്‍. ജയറാമിന്റെയും മീരാജാസ്മിന്റെയും മകളാണ് ദേവിക എന്ന് തുടക്കം മുതല്‍ സത്യന് കഥയോടൊപ്പം പറഞ്ഞുപോരുന്നുണ്ടായിരുന്നു. ഒടുവില്‍ ആ ‘മകള്‍’ തന്നെ സിനിമയുടെ ടൈറ്റിലുമായി.
ഇത്തവണ ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍. എസ്. കുമാറാണ് ക്യാമറാമാന്. സിനിമ തീയേറ്ററുകളില്തന്നെ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് സത്യന് അന്തിക്കാട് ഉറപ്പിച്ച് പറയുന്നു.