കരിമീൻ മേടിക്ക് മ്മക്ക് പൊള്ളിക്കാം എന്ന് പെമ്പ്രന്നോര് പറഞ്ഞു.
മ്മള് ഹൃദയത്തോട് ചേർന്ന് കിടക്കുന്ന പോക്കറ്റിലേക്ക് മിടിപ്പുണ്ടോന്ന് ഒന്നു നോക്കി.
ഇല്ലെന്ന് പറയാൻ പറ്റില്ലല്ലോ. അതോണ്ട് ഇങ്ങനെ പറഞ്ഞു.
കരിമീൻ മ്മടെ സംസ്ഥാന മത്സ്യമാണ്.അയിനെ കറി വെച്ച് കൂട്ടുന്നത് ശരിയല്ല.
എന്നാൽ അയില മേടിക്കെന്ന് പെമ്പ്ര ന്നോര്.
അതെങ്ങനെ ശരിയാവും. അത് ദേശീയ മത്സ്യമാണ്. ദേശീയതയിലും പ്രാദേശികതയിലും തൊട്ടു കളിക്കുന്നത് ശരിയല്ല.
ദേശീയതയിലും പ്രാദേശികതയിലും ങ്ങള് തൊടണ്ടാ.കുറച്ച് ചാളയെങ്കിലും മേടിക്ക്. അയിന് ഇപ്പറഞ്ഞ പദവിയൊന്നുമില്ല. പാവപ്പെട്ടവന്റെ മത്സ്യ മാ . മ്മള് പി.എസിക്ക് പഠിച്ചിട്ടുണ്ട്.
ഓള് പറഞ്ഞു.
പാവപ്പെട്ടവരെ ദ്രോഹിക്കുന്നത് ശരിയാണോ? ദൈവ ദോഷം കിട്ടില്ലേ?
മ്മള് ദയനീയമായി ഓളെ നോക്കി.
ഒരു കാര്യം ചെയ്യ്.അടുക്കളേല് മാങ്ങ ഇരിപ്പില്ലേ? ഒരു ചമ്മന്തി അരക്ക്. കഞ്ഞിയാക്കാം.
കഞ്ഞിയാണെന്ന് പണ്ടേ അറിയാം.
ഓള് ചവിട്ടിത്തുള്ളി.
മാങ്ങാ ദേശീയ ഫലമാണ്. അത് കൊണ്ട് ചമ്മന്തി പറ്റില്ല. തൽക്കാലം കഞ്ഞി വെള്ളം കുടിച്ചാൽ മതി.
ഓള് അടുക്കളയിലേക്ക് പോയി.
പ്രാദേശികതയും ദേശീയതയും വിട്ട് അന്തർദേശീയ ചിന്തയിലേക്ക് മ്മളും പോയി.
(കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കഥാകൃത്ത് ജയചന്ദ്രൻ ചിങ്ങോലി ഫേസ്ബുക്കിൽ കുറിച്ചത്)