മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ ചിത്രീകരണം പഴനിയില്‍ പൂര്‍ത്തിയായി.നവംബര്‍ ഏഴിനാണ് വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ച ഷൂട്ടിംഗ്, 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തീകരിച്ചത്.
എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റ കഥ ലിജോയുടേതാണ്. ‘മമ്മൂട്ടി കമ്പനി’ എന്ന മമ്മൂട്ടിയുടെ പുതിയ നിര്‍മാണ കമ്പനിയും, ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നടന് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേരന്പ്, കര്ണന്, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം. ലിജോ ജോസ് പല്ലിശേരിയുമായി ആദ്യമായാണ് മമ്മൂട്ടി ഒന്നിക്കുന്നത്.
ചിത്രീകരണം ആരംഭിച്ച ‘സിബിഐ 5’ലാണ് മമ്മൂട്ടി ഇനി ജോയിന്‍ ചെയ്യുക. സിനിമയുടെ ചിത്രീകരണം നവംബര്‍ 29 ന് എറണാകുളത്ത് ആരംഭിച്ചിരുന്നു. ഹൈദരാബാദും ദില്ലിയുമാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.
അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം, നവാഗത സംവിധായിക റത്തീനയുടെ പുഴു, അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ഏജന്റ് തുടങ്ങിയവയാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന സിനിമകള്‍.