KeralaLead NewsNEWS

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധവേണം: മുഖ്യമന്ത്രി

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്‌കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്കു കുതിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ലോകാര്യോഗ്യ സംഘടന, യുണിസെഫ്, സി.ഡി.സി. കേരള, ക്യൂർ എന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കത്തക്ക നിലയിലാണു കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വിപുലമായ പരിപാടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഈ നേട്ടങ്ങളിൽ മതിമറന്ന് ഇരിക്കലല്ല നാം ഉദ്ദേശിക്കുന്നത്. ആരോഗ്യ രംഗത്തു കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിവിധ മേഖലകളിൽ ഇടപെടൽ നടത്താൻതന്നെയാണു തീരുമാനം.

ജീവിതശൈലീ രോഗങ്ങളാണ് ആരോഗ്യരംഗത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്. കൃത്യമായ പരിപാടിയുടെ അടിസ്ഥാനത്തിൽ ഇതിനെ നേരിടാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. നവജാത ശിശുക്കളിൽ കണ്ടുവരുന്ന തൂക്കക്കുറവും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 12 ശതമാനം കുട്ടികളിൽ തൂക്കക്കുറവുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇതു പരിഹരിക്കപ്പെടണം. ഇതിന്റെ ഭാഗമായി ‘ക്യാംപെയിൻ 12’ എന്ന പരിപാടി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽകണ്ടുവരുന്ന അനീമിയ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഇത്. ക്ലബ്ഫൂട്ടും ശിശുക്കളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് നേരത്തേ കണ്ടെത്താനും ചികിത്സയാരംഭിക്കാനും കഴഞ്ഞാൽ വലിയ ആശ്വാസമാകും. സംസ്ഥാനത്തെ പൂർണമായി ക്ലബ്ഫൂട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കുന്നത്. നിലവിൽ ഏഴു ക്ലബ് ഫൂട്ട് ക്ലിനിക്കുകളാണു സർക്കാർ ആശുപത്രികളിലുള്ളത്. ഭാവിയിൽ 37 എണ്ണംകൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: