കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന അനധികൃത ചൂതാട്ട കേന്ദ്രത്തില്‍ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് പൊലീസ്. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. പോക്കര്‍ കോയിനുകള്‍ വച്ചുള്ള വലിയ തോതിലുള്ള ചൂതാട്ടമാണ് കൊച്ചിയില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ രണ്ട് ദിവസമാണ് ചൂതാട്ടം സംഘടിപ്പിക്കുന്നത്. ആഡംബര ചൂതാട്ട കേന്ദ്രത്തിന് സമാനമായ ക്രമീകരണങ്ങളാണ് ഫ്ലാറ്റില്‍ ഒരുക്കിയിട്ടുള്ളത്.
ടിപ്‌സണ്‍ എന്നയാളാണ് ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ ഒരു കളിയില്‍ നിന്നും സമ്പാദിക്കുന്നത് ഒന്നര ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം എട്ട് കളിക്കാരാണ് ചൂതാട്ടത്തില്‍ പങ്കെടുത്തിരുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.