IndiaNEWS

പകൽവെളിച്ചത്തിലെ ശിലാഹത്യ

കാലം, ഋതുഭേദങ്ങൾ കടന്ന്
കാലഗണനയുടെ പ്രദക്ഷിണവും കഴിഞ്ഞ്
വീണ്ടുമെത്തിയിയിരിക്കുന്നു,
ഒരു ദുരന്തദുഃഖത്തിന്റെ
നോവു൦ സ്മൃതികളുമായി.
ഇതേ നാളിലാണ്
ഒരു ചിരകാലസംസ്കൃതിയുടെ
സാഹോദര്യ സ്വാംശീകരണത്തിന്റെ
ഊടും പാവും പിച്ചിച്ചീന്തിയത്.
ഒരു ഗതകാലപൗരുഷത്തിന്റെ
തിരുശേഷിപ്പുകൾ
എത്ര മൗന പ്രാർത്ഥനകൾ
കേട്ടുറങ്ങിയ കൽചുമരുകൾ
എത്ര നിസ്കാരത്തഴമ്പുകൾ
അടയാളപ്പെടുത്തിയ വിളനിലങ്ങൾ
എത്ര കാൽപ്പെരുമാറ്റങ്ങളാൽ
കോരിത്തരിച്ച മണൽത്തരികൾ
എത്ര പകൽ വെളിച്ചത്തിലാണ്
കരസേവയാൽ തരിപ്പണ൦ ചെയ്ത്
ധൂമധൂളിയാക്കിയത്.
ബഹുഭാഷാപണ്ഡിതരായ
സ്നേഹത്തിന്റെ ഭാഷമാത്ര൦
അറിയാതെപോയ
കാവൽക്കാരു൦ “തർപ്പണപൂജ”യിലായിരുന്നു
ഒരു പിതാവിന്റെ വാക്കു നിവൃത്തിക്കായ്
രാജസ്ഥാനത്യാഗ൦ ചെയ്ത
മൂല്യബോധമായിരുന്നില്ലേ
നിങ്ങൾ വികൃതമാക്കിയത്?
___________________________________
എൻ. ഗോപാൽ, കോട്ടക്കൽ

Back to top button
error: