* * *
കരിമീൻ മേടിക്ക് മ്മക്ക് പൊള്ളിക്കാം എന്ന് പെമ്പ്രന്നോര് പറഞ്ഞു.
മ്മള് ഹൃദയത്തോട് ചേർന്ന് കിടക്കുന്ന പോക്കറ്റിലേക്ക് മിടിപ്പുണ്ടോന്ന് ഒന്നു നോക്കി.
ഇല്ലെന്ന് പറയാൻ പറ്റില്ലല്ലോ. അതോണ്ട് ഇങ്ങനെ പറഞ്ഞു.
കരിമീൻ മ്മടെ സംസ്ഥാന മത്സ്യമാണ്.അയിനെ കറി വെച്ച് കൂട്ടുന്നത് ശരിയല്ല.
എന്നാൽ അയില മേടിക്കെന്ന് പെമ്പ്ര ന്നോര് .
അതെങ്ങനെ ശരിയാവും. അത് ദേശീയ മത്സ്യമാണ്. ദേശീയതയിലും പ്രാദേശികതയിലും തൊട്ടു കളിക്കുന്നത് ശരിയല്ല.
ദേശീയതയിലും പ്രാദേശികതയിലും ങ്ങള് തൊടണ്ടാ.കുറച്ച് ചാളയെങ്കിലും മേടിക്ക്. അയിന് ഇപ്പറഞ്ഞ പദവിയൊന്നുമില്ല. പാവപ്പെട്ടവന്റെ മത്സ്യ മാ . മ്മള് പി.എസിക്ക് പഠിച്ചിട്ടുണ്ട്.
ഓള് പറഞ്ഞു.
പാവപ്പെട്ടവരെ ദ്രോഹിക്കുന്നത് ശരിയാണോ? ദൈവ ദോഷം കിട്ടില്ലേ?
മ്മള് ദയനീയമായി ഓളെ നോക്കി.
ഒരു കാര്യം ചെയ്യ്.അടുക്കളേല് മാങ്ങ ഇരിപ്പില്ലേ? ഒരു ചമ്മന്തി അരക്ക്. കഞ്ഞിയാക്കാം.
കഞ്ഞിയാണെന്ന് പണ്ടേ അറിയാം.
ഓള് ചവിട്ടിത്തുള്ളി.
മാങ്ങാ ദേശീയ ഫലമാണ്. അത് കൊണ്ട് ചമ്മന്തി പറ്റില്ല. തൽക്കാലം കഞ്ഞി വെള്ളം കുടിച്ചാൽ മതി.
ഓള് അടുക്കളയിലേക്ക് പോയി.
പ്രാദേശികതയും ദേശീയതയും വിട്ട് അന്തർദേശീയ ചിന്തയിലേക്ക് മ്മളും പോയി.
* * *
* ഞാൻ ദൈവം*
വിശന്നിട്ടാണ്. ആരേലും എന്തേലും തരുമെന്ന പ്രതീക്ഷയിലാണ്.
തെരുവിലെ ചുവരിൽ ഞാൻ എന്റെ ചിത്രം വരച്ചു.
വര തീർന്നിട്ടും ആരും വന്നില്ല. തൊട്ടപ്പുറത്തെ സർക്കാര് പൈപ്പിൽ പോയി വിശപ്പകറ്റാൻ നാലു കൈക്കുടന്ന വെള്ളം കുടിച്ച് തിരിച്ചു വന്നപ്പോൾ ചിത്രത്തിനു മുന്നിൽ വമ്പൻ ജനക്കൂട്ടം .
ആരോ ചോദിച്ചു:
“ഇത് ആരുടെ ചിത്രമാണ് “
ആരോ പറഞ്ഞു:
“ഇതൊരു വെറും ചിത്രമാണെന്ന് തോന്നുന്നില്ല. ഇത് നമ്മുടെ അവതാര പുരുഷന്റെ ചിത്രമാണ് “
ജനക്കൂട്ടം കൂപ്പു കൈകളോടെ നിന്നു. ജോത്സ്യൻ കവടി വാരിവെച്ചു.കോമരം ഉറഞ്ഞു തുള്ളി.
ഭജനയും പൂജയും ഉത്സവ പിരിവുകളും തുടങ്ങി.
“നിർത്ത്”
ഞാൻ അലറി പറഞ്ഞു:
“ഇത് ഞാൻ വരച്ച എന്റെ പടമാണ്. എന്നെ ആട്ടിയോടിക്കുന്ന നിങ്ങൾ എന്റെ രൂപത്തെ ആരാധിക്കരുത് “
” നിന്റെ രൂപമോ?!”
ജനക്കൂട്ടം പരിഹാസത്തോടെ എന്നെ നോക്കി. അവർ പറഞ്ഞു:
“ഇത് ഞങ്ങളുടെ ദൈവത്തിന്റെ ചിത്രമാണ് “
ആൾക്കൂട്ടം പ്രാർത്ഥന തുടങ്ങിയപ്പോൾ ഞാനെന്റെ പെരുവിരൽ അറുത്ത് കാണിക്കവെച്ചു. പിന്നെ, അവരിൽ ഒരാളായി മാറി.
* * *
കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന കഴുത എത്ര ദൂരം ഓടും സുധാരേട്ടാ.കൂടി വന്നാൽ കയറിന്റെ അറ്റം വരെ.
അതു കഴിഞ്ഞ് ഓടാൻ നോക്കിയാൽ കഴുത്ത് ഞെരിഞ്ഞ്ചാവും .
ഇങ്ങനെ പറഞ്ഞത് അരി സ്റ്റോട്ടിലാണോ പ്ലേറ്റോ ആണോന്ന് മ്മക്ക് ഓർമ്മയില്ല.
അരിയും പ്ലേറ്റും മ്മക്ക് മുഖ്യമായതുകൊണ്ടാണ് അവരെ ഓർത്തത്. ഇനി അവരാരും പറഞ്ഞിട്ടില്ലെങ്കിൽ മ്മള് പറഞ്ഞൂന്ന് കരുതി സമാധാനിച്ചോളൂ .
കുറ്റി ചിലർക്ക് രാഷ്ട്രീയമാകാം. മതമാകാം. ജാതിയോ സാഹിത്യമോ യുക്തിവാദമോ ആകാം.
ചിലവരുടെ പോസ്റ്റൂ കാണുമ്പോൾ വെറുതേ ചിന്തിച്ചു പോകുന്ന ചില ചിന്തകളാണ് സുധാരേട്ടാ.ക്ഷമിച്ചേക്ക് ..
***
പടമിട്ടപ്പോൾ ഫോട്ടത്തെക്കുറിച്ച് എന്തേലും എഴുതൂന്ന് ഷുക്കർ ബർഗറണ്ണൻ ..
എന്തെഴുതാൻ .
ഒന്നുമില്ല..
പടമാണ് തൽക്കാലം എഴുത്ത്…!!!