പെയ്തിറങ്ങിയത് റെക്കോർഡ് പേമാരി.പക്ഷെ മഴ മാറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വരണ്ടുണങ്ങി പമ്പ! ശബരിമല സന്നിധാനത്തേക്കുള്ള കാനനപാതയിൽ ജലവിതരണവും ഇതോടെ പ്രതിസന്ധിയിലായിരിക്കയാണ്.ജൂണി ൽ ആരംഭിച്ച മഴ നവംബർ മുപ്പത് വരെ തുടർച്ചയായി പെയ്തു.എന്നിട്ടും മഴ മാറി രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും പമ്പാനദി വറ്റിവരണ്ടുതുടങ്ങി. ശുദ്ധജല പദ്ധതിയിൽ ത്രിവേണിയിൽ പമ്പിങ്ങിനു പോലും വെള്ളമില്ലാത്ത അവസ്ഥ.തീർത്ഥാടനം തുടങ്ങിയ ശേഷം ന്യൂനമർദം കാരണം മിക്ക ദിവസവും മഴയുണ്ടായിരുന്നു.വെള്ളപ്പൊക്ക ഭീഷണി കാരണം രണ്ടു തവണ സന്നിധാനത്തേക്കുള്ള തീർഥാടകരുടെ മലകയറ്റവും നിരോധിച്ചതാണ്.
അതിശക്തമായ മഴ കാരണം പലതവണ ആനത്തോട്, പമ്പ അണക്കെട്ടുകൾ തുറന്ന് അധികജലം ഒഴുക്കി കളഞ്ഞതോടെ പമ്പ ത്രിവേണിയിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്ത അവസ്ഥയാണിപ്പോൾ. അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്ന് ഒഴുകിയെത്തിയ മണൽ അടിഞ്ഞ് നദിയിലെ വലിയ കുഴികൾ എല്ലാം അടഞ്ഞു.പാലത്തിനോട് ചേർന്ന ഭാഗത്തു മാത്രമാണ് കുഴിയുള്ളത്.ഗണപതികോവിലിലേക്കു വാഹനങ്ങൾ പോകുന്ന വലിയ പാലത്തിനും ത്രിവേണി സംഗമത്തിനും മധ്യേ പമ്പാനദി പൂർണമായും വറ്റിയ നിലയിലാണ്.ത്രിവേണിയിലെ രണ്ട് പാലത്തിനു മധ്യത്തിൽ നദിയിൽ മുട്ടിനു താഴെയാണ് വെള്ളം ഉള്ളത്. ത്രിവേണി ചെറിയ പാലത്തിനും ആറാട്ട് കടവിനും മധ്യേ നദിയിൽ പാദം മുങ്ങാനുള്ള വെള്ളം മാത്രമാണുള്ളത്.
ജല അതോറിറ്റിയുടെ പമ്പ് ഹൗസ് ത്രിവേണിയിലാണ്. ഇവിടെ നിന്നു പമ്പ് ചെയ്യുന്ന വെള്ളം ഗണപതികോവിലിനു സമീപത്തെ ദേവസ്വം അതിഥി മന്ദിരത്തിനു മുകളിലെ സംഭരണിയിൽ നിറച്ചാണ് പമ്പയിൽ വിതരണം നടത്തുന്നത്.
നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ മൂന്ന് ബൂസ്റ്റർ ടാങ്കുകളിൽ നിറച്ച് വീണ്ടും പമ്പ് ചെയ്താണ് ശരംകുത്തിയിൽ എത്തിച്ച് പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ വിതരണം നടത്തുന്നത്.പക്ഷേ തുടർച്ചയായി ഒന്നര മണിക്കൂർ പമ്പ് ചെയ്യാനുള്ള വെള്ളം പോലും നദിയിൽ ഇല്ല.ജല അതോറിറ്റി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഇന്നലെ ത്രിവേണിയിലെ തടയണയിൽ വെള്ളം കെട്ടി നിർത്താൻ ഷട്ടർ ഇടുന്ന ജോലി വൻകിട ജലസേചന വിഭാഗം ആരംഭിച്ചിട്ടുണ്ട്.ഇതു പൂർത്തിയാക്കിയ ശേഷം ആറാട്ട് കടവിലും തടയണ കെട്ടാനാണ് ഇപ്പോഴത്തെ തീരുമാനം.
Tags
Wtr pmba