ഒമിക്രോണ്‍ വകഭേദം രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഷീല്‍ഡ് വാക്സീനെ ബൂസറ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി ഡിസിജിഐയെ സമീപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.
നിലവില്‍ വാക്സീന് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യുകെ ബൂസ്റ്റര്‍ഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ഡോസ് എന്നൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. അതേസമയം ഓക്സ്ഫോര്‍ഡിലെ ശാസ്ത്രഞ്ജന്മാര് ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീന് ഉടന്‍ കണ്ടെത്തിയേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.
യുഎഇ അടക്കമുള്ള കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രതയിലാണ്. രാജ്യത്തും വൈറസ് സാന്നിധ്യമുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും വിമാനത്താവളങ്ങളിലെ പരിശോധനയും കേന്ദ്ര മന്ത്രി വിലയിരുത്തും.