Breaking NewsKeralaLead Newspolitics

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ് കിട്ടി ; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാര്‍ ; അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കും, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വര്‍ക്കേഴ്‌സ്. പൊലീസിന്റെ ബലപ്രയോഗത്തില്‍ പരുക്കേറ്റെന്ന് ആരോപിച്ച ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആശാവര്‍ക്കേഴ്‌സ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസം ആശാവര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Signature-ad

ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പൊലീസിനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പിന്നാലെ എല്ലാ ജില്ലകളിലും പ്രതിഷേധത്തിന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കുമെന്നും ഉറപ്പ് ലഭിച്ചു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: