Breaking NewsIndiaLead NewsSports

ഏഷ്യാ കപ്പ് വിജയം: ഒടുവില്‍ രക്ഷയില്ലാതെ മൊഹ്സിന്‍ നഖ്വി ഒടുവില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ചു; വിവാദത്തില്‍ ബിസിസിഐയുടെ പരാതിക്ക് മൊഹ്സിന്‍ നഖ്വിയുടെ മറുപടി നല്‍കി

ഏഷ്യാ കപ്പ് 2025 ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ നിന്ന് ട്രോഫി നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ട്രോഫി കൈമാറാന്‍ വിസമ്മതിക്കുന്ന നഖ്‌വി ഒടുവില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി എത്തുകയും ബിസിസിഐ യുടെ കത്തിന് മറുപടി നല്‍കുകയും ചെയ്തു.

അതേസമയം ഏഷ്യാകപ്പ് ഇപ്പോഴും ദുബായിലെ നഖ്‌വിയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രോഫി ഇന്ത്യന്‍ ടീമിന് നേരിട്ട് മാത്രമേ കൈമാറുകയുള്ളൂ എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസിഐ വിസമ്മതിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ കൂടിയായ നഖ്വി, ബിസിസിഐയുടെ ഔദ്യോഗിക പരാതി കത്തിന് മറുപടി നല്‍കി. തന്റെ ഔദ്യോഗിക മറുപടിയില്‍, സെപ്റ്റംബര്‍ 30-ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് ബിസിസിഐ തനിക്കെഴുതിയ കത്ത് ലഭിച്ച കാര്യം നഖ്വി അംഗീകരിച്ചു.

Signature-ad

ഏഷ്യാ കപ്പ് വിജയത്തില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, സൂര്യകുമാര്‍ യാദവിനും സംഘത്തിനും ട്രോഫി കൈമാറാനായി പ്രസന്റേഷന്‍ വേദിയില്‍ 40 മിനിറ്റോളം താന്‍ കാത്തിരുന്നിട്ടും, ഇന്ത്യന്‍ ടീം അത്തരത്തിലുള്ള കായികപരമായ മര്യാദകള്‍ കാണിച്ചില്ല എന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

‘നിങ്ങളുടെ 2025 സെപ്റ്റംബര്‍ 30-ലെ കത്ത് ലഭിച്ചതായി അംഗീകരിക്കുന്നു. ഈ കത്ത് 2025 സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 3:00 മണിക്ക് (യുഎഇ സമയം) നിശ്ചയിച്ചിരുന്ന എസിസി വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പാണ് ലഭിച്ചത്. ശ്രീ. രാജീവ് ശുക്ല, ആശിഷ് ഷെലാര്‍ എന്നിവര്‍ ഓണ്‍ലൈനായി എജിഎമ്മില്‍ ബിസിസിഐയെ പ്രതിനിധീകരിച്ചു. ഈ വിഷയം എജിഎമ്മില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു; എങ്കിലും, നിങ്ങള്‍ ഈ കത്ത് എസിസി അംഗങ്ങള്‍ക്ക് കൈമാറിയതിനാല്‍, യഥാര്‍ത്ഥ വസ്തുതകള്‍ രേഖപ്പെടുത്തുന്നത് ഉചിതമാണ്,’ പുറത്തുവന്ന നഖ്വിയുടെ കത്തില്‍ പറയുന്നു.

Back to top button
error: