Breaking NewsKeralaLead News

ശബരിമല സ്വര്‍ണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം, സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ വേറെയുണ്ട്, വാസവന്‍ നല്ല മന്ത്രി; വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ശബരിമലയിലെ സ്വര്‍ണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ വേറെയുണ്ടെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയക്കാര്‍ അതൊന്നും കാണുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ് പാര്‍ട്ടികള്‍ക്കെന്നും ദേവസ്വം മന്ത്രിയും സര്‍ക്കാരും രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു.

ദവസ്വം മന്ത്രി രാജിവെക്കണം എന്നതിനോട് യോജിപ്പില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോള്‍. സകല ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം. ഇക്കാര്യം സര്‍ക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്? ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണെന്നും പറഞ്ഞു. കോടതി എല്ലാം കണ്ടു പിടിക്കും. പുണ്യാളന്‍മാരൊക്കെ പാപികളാണെന്ന് തെളിയട്ടെയെന്നും പറഞ്ഞു.

Signature-ad

വാസവന്‍ നല്ല മന്ത്രിയാണ്. മൂന്ന് വകുപ്പ് നല്ലപോലെ കൈകാര്യം ചെയ്യുന്നു. അഴിമതി ഇല്ലാത്ത മന്ത്രിയാണ് വാസവന്‍. സതീശന്‍ കിടന്ന് നിലവിളിക്കുന്നു പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ല. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പൊ ആരുമില്ലെന്ന അവസ്ഥയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പി എം ശ്രീ പദ്ധതി കേന്ദ്രത്തിന്റേതാണ് കാലത്തിനൊത്ത് മാറണം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്ന് കേരളം എന്തിന് മാറി നില്‍ക്കണം. മുന്നണിയില്‍ ചര്‍ച്ച ചെയ്താല്‍ സിപിഐ സമ്മതിക്കും. ആദ്യം എതിര്‍ത്ത്, പിന്നീട് അംഗീകരിക്കുന്ന സ്വഭാവമാണ് സിപിഐക്ക് എന്നും പറഞ്ഞു.

പിണറായി പറഞ്ഞാല്‍ മിണ്ടാതിരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. ഇന്ത്യ ബിജെപിയുടെ കൈയിലാണ്. നന്മ ഇല്ലാതെ അത് നടക്കുമോ. ജനപിന്തുണ ഇല്ലാതെ ഭരിക്കാന്‍ കഴിയുമോ. സിപിഐ പറയുന്നത് എല്ലാം നടക്കണമെന്നില്ലല്ലോ.

ഭക്ഷ്യ മന്ത്രി ജീവിച്ചിരിപ്പുണ്ടോ. അങ്ങനെ ഒരു മന്ത്രി ഈ നാട്ടില്‍ ഉണ്ടോ. ജി ആര്‍ അനിലിന്റെ കയ്യിലിരിപ്പ് ശരിയല്ല. ഭരണം നന്നാവുന്നില്ല. പൂര്‍ണ പരാജയമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുസ്ലീം ലീഗിന് അടിമയാണ്, എങ്ങനെ കേരളത്തില്‍ ജയിക്കാനാണ്. കേരളത്തില്‍ ബിജെപി വളര്‍ന്നു. ഇനിയും വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: